മൾച്ചിംഗ് ഷീറ്റിൽ വിത, പ്ലാസ്റ്റിക് കോട്ടിംഗ് വളം...
1590627
Wednesday, September 10, 2025 11:37 PM IST
ആന്റണി ആറിൽചിറ
ചമ്പക്കുളം: നെൽകൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കാവാലം വടക്കേയറ്റം സോജൻ കടൽ താണ്ടി ജപ്പാനിൽ പോയത് നെൽകൃഷിയോടുള്ള താത്പര്യം ഒന്നു കൊണ്ടു മാത്രം. ജപ്പാനിലെ നൂതന കൃഷിരീതികളും വളപ്രയോഗവും നെല്ലിൽനിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണ രീതികളും ഈ യാത്രയിൽ മനസിലാക്കി. ഇതു കേരളത്തിലും നടപ്പാക്കാൻ കഴിയുമെന്നാണ് സോജന്റെ അഭിപ്രായം. പക്ഷേ, സർക്കാർ കനിയണം.
വിതയും വളപ്രയോഗം
മൾച്ചിംഗ് ഷീറ്റിലെ വിതയും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള വളപ്രയോഗവുമാണ് ജപ്പാൻ കൃഷിയിൽ ഏറ്റവും ആകർഷകം. കൃഷിയിടത്തിൽ മൾച്ചിംഗ് ഷീറ്റ് നിരത്തി വിത്ത് വിതയ്ക്കുന്നതു മൂലം കളകൾ വളരില്ല. ഷീറ്റ് 28 ദിവസംകൊണ്ട് മണ്ണിലേക്കു ലയിച്ചുചേരും. നെൽച്ചെടികൾ ആരോഗ്യത്തോടെ വളരും. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള വളം കൊണ്ട് മണ്ണിന് ആവശ്യമുളള മൂലകങ്ങൾ മാത്രമാണ് മണ്ണിലേക്ക് ഇറങ്ങുക.
മണ്ണിനെയോ വെള്ളത്തെയോ വായുവിനെയോ ഇതു മലിനപ്പെടുത്തില്ല. കൃഷിയിടത്തിൽ വെള്ളം ഇല്ലാത്ത അവസരത്തിൽ വളത്തിന്റെ പ്രത്യേകതകൊണ്ട് രൂപപ്പെടുന്ന പുക കീടങ്ങളെ പാടത്തുനിന്ന് അകറ്റുകയും ചെയ്യും. കൃത്യമായ കൃഷിരീതി ആയതുകൊണ്ട് നിശ്ചിത വിളവും ഉറപ്പാണ്. ഒരു വർഷത്തിൽ രണ്ടു കൃഷിയാണ് ജപ്പാനിലെ രീതി.
അരിയും ബിയറും
തവിട് നഷ്ടപ്പെടാത്ത അരിയാക്കിയാണ് ഉത്പന്നം മാർക്കറ്റിൽ എത്തിക്കുന്നത്. ബാക്കി മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കും. നെല്ല് വാറ്റിയുണ്ടാക്കുന്ന ബിയർ പ്രധാന ഇനമാണ്. 22 ഹെക്ടർ ഭൂമിയാണ് ഒരാൾക്കു കൈവശം വയ്ക്കാവുന്ന പരിധി. എന്നാൽ, അരയേക്കർ മുതൽ കൃഷി ചെയ്യുന്നവരുമുണ്ട്. ഭൂരിപക്ഷം കർഷകർക്കും സ്വന്തമായി റൈസ് മില്ലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. വൈക്കോൽ കൃഷി കഴിഞ്ഞാലുടൻ കെട്ടുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു സൂക്ഷിക്കും. ഇതു ഫാമുകൾക്കു നൽകും.
കുട്ടനാട് കാവാലം സ്വദേശിയായ സോജൻ വടക്കേയറ്റം സ്വന്തം പണം മുടക്കിയാണ് ജപ്പാനിലെത്തിയത്. തന്റെ കൃഷിയിടം സന്ദർശിച്ച മൂന്നു ജപ്പാൻകാരുടെ ക്ഷണവും ഇദ്ദേഹത്തിനു പ്രോത്സാഹനമായി. 2025 ഒാഗസ്റ്റ് 20 മുതൽ സെപ്റ്റംബർ നാലു വരെ ആയിരുന്നു ജപ്പാൻ യാത്ര.
സോജന്റെ കൃഷി
1997ൽ പിതാവിന്റെ വേർപാടോടെ 17-ാം വയസിൽ കുടുംബത്തിന്റെ 16 ഏക്കറിൽ നെൽകൃഷി ചെയ്താണ് സോജന്റെ തുടക്കം. 2010ൽ ഡ്രംസീഡർ ഉപയോഗിച്ചു പാടത്തു വിത്ത് വിതച്ചു. ഏക്കറിന് 55- 60 കിലോ നെൽവിത്ത് വിതയ്ക്കുന്നതിനു പകരം 12 കിലോ വിത്ത് ഉപയോഗിച്ച് ഒരു ഏക്കർ വിതച്ചു.
മറ്റു കർഷകർ ഇരുപതും ഇരുപത്തഞ്ചും ക്വിന്റൽ കൊയ്തപ്പോൾ ഇദ്ദേഹം മുപ്പത്തിരണ്ട് ക്വിന്റെൽ വരെ കൊയ്തു. കുട്ടനാട്ടിൽ ഡ്രോൺ വിത്ത് വിത, കളനാശിനി തളിക്കൽ തുടങ്ങിയവയും ആദ്യം പരീക്ഷിച്ചവരിൽ സോജനുണ്ടായിരുന്നു. ഇപ്പോൾ അൻപത് ഏക്കർ കൃഷിയുണ്ട്. ജപ്പാൻ മാതൃകയിൽ ചിലതെങ്കിലും നടപ്പിലാക്കാൻ സാധിച്ചാൽ വലിയ മാറ്റമായിരിക്കുമെന്നാണ് സോജന്റെ പ്രതീക്ഷ. ജപ്പാനിലെ മണ്ണിന്റെയും കുട്ടനാട്ടിലെ മണ്ണിന്റെയും സവിശേഷതകൾ തിരിച്ചറിയാൻ ജപ്പാനിൽനിന്നു കൊണ്ടുവന്ന മണ്ണ് പരിശോധനയ്ക്കായി മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ നൽകിയിരിക്കുകയാണ് ഈ കർഷകൻ.
ജപ്പാനിലെ
നെൽകൃഷി
ഏക്കറിന് 2,500 കിലോഗ്രാമാണ് ജപ്പാനിലെ നെൽ ഉത്പാദനം. ഒരു ഏക്കർ കൃഷി ചെയ്യാൻ 4 ലക്ഷം യെൻ (ഒരു യെൻ 60 പൈസ) വേണം. അതായത് 2.4 ലക്ഷം ഇന്ത്യൻ രൂപ. 2500 കിലോ നെല്ലിന് കിട്ടുന്ന വില 9.6 ലക്ഷം യെൻ. അതായത് 5.6 ലക്ഷം യെൻ ലാഭം. രൂപ കണക്കിൽ 3.36 ലക്ഷം രൂപയാണ് ഒരു ഏക്കറിൽനിന്നുള്ള ഏകദേശ ലാഭം.
ഒരു കിലോ അരിക്ക് 600 യെൻ (360രൂപ) ആണ് കർഷകർക്ക് ലഭിക്കുന്നത്. വേനലും മഞ്ഞുകാലവുമാണ് രണ്ട് പ്രധാന കാലങ്ങൾ. തോന്നുംപോലെ പെയ്യുന്ന മഴ അവിടെ ഇല്ല. 22 ഹെക്ടർ കൃഷി ചെയ്യുന്ന കർഷകനൊപ്പം സഹായികളായി കൂടെയുള്ളത് വിരലിലെണ്ണാവുന്നവർ മാത്രം.
ബാക്കി മുഴുവൻ കാര്യങ്ങളും യന്ത്രം ചെയ്യും. വിത, വളപ്രയോഗം, കൊയ്ത്ത് തുടങ്ങി എല്ലാത്തിനും യന്ത്രസഹായം. അതും കർഷകർ നേരിട്ടു പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ.