കായംകുളം കന്നീസ കടവ്പാലം പുനർനിർമാണം: സ്ഥലം ഏറ്റെടുക്കൽ നടപടി വൈകും
1590633
Wednesday, September 10, 2025 11:37 PM IST
കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് കരിപ്പുഴത്തോടിന് കുറുകെ പ്രതാംഗ്മൂട് ജംഗ്ഷനിലേക്കുള്ള കന്നീസ കടവ്പാലം പുനർനിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി കാലതാമസം നേരിടും. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയ്ക്ക് ഭരണാനുമതി ലഭിച്ച ശേഷമേ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാകൂ. റവന്യുവകുപ്പ് തയാറാക്കിയ നഷ്ടപരിഹാരത്തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതിനെക്കാൾ കൂടുതലായതിനാൽ നിരക്ക് പുതുക്കി.
ഇതിന്റെ ഭാഗമായി 16.32 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ചീഫ് എൻജിനിയറുടെ ഓഫീസിൽനിന്ന് സർക്കാരിനു സമർപ്പിച്ചു. പാലം നിർമിക്കുന്നതിനായി ബസ് സ്റ്റാൻഡ് വശത്ത് 25 സെന്റും മറുകരയിൽ 40 സെന്റും സ്ഥലമാണ് ഏറ്റെടുക്കുന്നത്. സ്ഥലത്തുള്ള കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉചിതമായ നഷ്ടപരിഹാരം നൽകാനാണ് പുതുക്കിയ ഭരണാനുമതിക്കായി സർക്കാർ നടപടിയെടുക്കുന്നത്.
കരിപ്പുഴ തോടിനു കുറുകെ 30 മീറ്റർ നീളത്തിൽ ഇരുവശങ്ങളിലും നടപ്പാതയോടുകൂടി ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലാണ് പാലം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിരാക്ഷേപപത്രം ഇതിനകം ലഭിച്ചു. ഒരു സ്പാനിലായിരിക്കും പാലം നിർമിക്കുക. നിർമാണം പൂർത്തിയായാൽ കോടതി റോഡിൽനിന്ന് നേരിട്ട് പ്രതാംഗ് മൂട് ജംഗ്ഷനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും.