ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി വീണ്ടും 18ന് പ്രവർത്തനം തുടങ്ങും
1590366
Tuesday, September 9, 2025 11:32 PM IST
ചെങ്ങന്നൂർ: പക്ഷിപ്പനി കാരണം ഒരുവർഷം അടച്ചിട്ടിരുന്ന ചെങ്ങന്നൂരിലെ സെൻട്രൽ ഹാച്ചറി ഈ മാസം 18ന് വീണ്ടും തുറന്നുപ്രവർത്തിക്കും. സംസ്ഥാനം പക്ഷിപ്പനി മുക്തമായതായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഹാച്ചറി വീണ്ടും തുറക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ മൂന്നു മാസം മുൻപ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയിൽനിന്ന് 1000 ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറിയിൽ എത്തിക്കും. ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇവയെ വളർത്തുകയെന്ന് പ്രൊഡക്ഷൻ മാനേജർ ഇൻചാർജ് നീന സോമൻ അറിയിച്ചു.
പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞവർഷം ജൂലൈയിലാണ് ഹാച്ചറിയിലെ കോഴി, കാടക്കുഞ്ഞുങ്ങളുടെ വളർത്തൽ നിർത്തിവച്ചത്. അടച്ചുപൂട്ടുന്ന സമയത്ത് മുട്ട, ഇറച്ചി, ഫാൻസി കോഴികൾ, കാടപ്പക്ഷികൾ എന്നിവയുൾപ്പെടെ ഏകദേശം 13,000 പക്ഷികൾ ഇവിടെയുണ്ടായിരുന്നു.
പുതിയ കോഴിക്കുഞ്ഞുങ്ങളെ സ്വീകരിക്കാനായി ഷെഡുകളുടെ പെയിന്റിംഗ്, കുമ്മായം പൂശൽ, വലകൾ ബലപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തിയാക്കി. 10,000 കോഴിക്കുഞ്ഞുങ്ങളെയും 5000 കാടക്കുഞ്ഞുങ്ങളെയും വളർത്താനുള്ള ശേഷി ഈ ഹാച്ചറിക്കുണ്ട്.
തുടക്കത്തിൽ പുറത്തുനിന്നുള്ള തീറ്റയാകും കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുക. പിന്നീട്, ഹാച്ചറിയിലെ തന്നെ ഫീഡ് ഫാക്ടറിയിൽ തീറ്റ ഉത്പാദനം പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ നൽകിയിരുന്നത് ഈ ഹാച്ചറിയിൽനിന്നാണ്. ഹാച്ചറി വീണ്ടും തുറക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസമാകും.