ജനകീയ പ്രതിഷേധ സദസ്
1590630
Wednesday, September 10, 2025 11:37 PM IST
മാന്നാർ: നിരപരാധികളെ അന്യായമായി വേട്ടയാടുന്ന പോലീസിലെ ഇടിവീരന്മാർക്ക് പൂർണസംരക്ഷണമാണ് പിണറായി സർക്കാർ നൽകുന്നതെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. സ്തുത്യർഹമായ സേവനം നൽകി വന്നിരുന്ന കേരള പോലീസിൽ ക്രിമിനലുകളുടെ വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വി.എസ്. സുജിത്തിനെ അകാരണമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് മാന്നാർ ബ്ലോക്കിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാർ പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാർ അബ്ദുൾ ലത്തീഫ്.
അനിൽ മാന്തറ അധ്യക്ഷനായി. കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ജോജി ചെറിയാൻ, സുജ ജോഷ്വ, തമ്പി കൗണടിയിൽ, ടി.കെ. ഷാജഹാൻ, ടി.എസ്. ഷെഫീക്ക്, മിഥുൻ മയൂരം, മധു പുഴയോരം, സണ്ണി പുഞ്ചമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പരുമല ജംഗ്ഷനിൽനിന്ന് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിഥുൻ മയൂരത്തിന് സാരമായ പരിക്കു പറ്റി.