ഉണ്ണിക്കണ്ണന് പാൽപ്പായസം തയാറാക്കാൻ ഭീമൻ വാർപ്പ് എത്തി
1590634
Wednesday, September 10, 2025 11:37 PM IST
അമ്പലപ്പുഴ: ഉണ്ണിക്കണ്ണന് മധുരമേറിയ പാൽപ്പായസം തയാറാക്കാൻ ഭീമൻ വാർപ്പ് എത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് 1500 ലിറ്റർ ശേഷിയുള്ള കൂറ്റൻ വാർപ്പ് എത്തിച്ചത്. നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിൽ വാർപ്പ് കാണാനും ചിത്രം പകർത്താനുമെത്തിയത്. മാന്നാർ സ്വദേശി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് വെള്ളോട് കൊണ്ട് വാർപ്പ് നിർമിച്ചത്.
28, 96,000 രൂപയാണ് ഇതിന്റെ ചെലവ്. 1810 കിലോ ഗ്രാം ഭാരമുള്ള ഭീമൻ വാർപ്പ് വാഹനത്തിലെത്തിച്ച ശേഷം ക്രെയിനുപയോഗിച്ചാണ് പാൽപ്പായസം ഉണ്ടാക്കുന്ന തിടപ്പള്ളിയിലേക്കു മാറ്റിയത്. വാർപ്പ് സ്ഥാപിക്കാനായി ഒരുമാസം മുൻപുതന്നെ തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ഇപ്പോൾ 800 ലിറ്റർ ശേഷിയുള്ള വാർപ്പിലാണ് ക്ഷേത്രത്തിൽ പാൽപ്പായസം തയാറാക്കുന്നത്.
നിലവിൽ 225 ലിറ്റർ പാൽപ്പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ഉം വ്യാഴം, ഞായർ, മറ്റ് വിശേഷ ദിവസങ്ങളിൽ 350 ഉം ലിറ്ററാക്കാൻ തന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ബോർഡ് അംഗീകാരം നൽകിയിരുന്നു. പാൽപ്പായസത്തിന്റെ വില വർധിപ്പിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവൽസലൻ ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ, ഹൈക്കോടതി, ദേവസ്വം ബോർഡ് എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാൽപ്പായസത്തിന്റെ അളവ് വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. നിലവിൽ 1 ലിറ്റർ പാൽപ്പായസത്തിന് 160 രൂപയാണ് വില. ഇത് 260 രൂപയാക്കി വർധിപ്പിക്കാനും ബോർഡ് തീരുമാനമെടുത്തിരുന്നു.
പുതിയ അളവിൽ പാൽപ്പായസം നിർമിക്കണമെങ്കിൽ പുതിയ വാർപ്പ് ആവശ്യമായിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് മാന്നാർ സ്വദേശി അനന്തൻ ആചാരി വാർപ്പ് നിർമിച്ച് ക്ഷേത്രത്തിലെത്തിച്ചത്.
ഉച്ചയോടെ പിക്ക് അപ് വാനിലെത്തിച്ച വാർപ്പ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ നിരവധി തൊഴിലാളികളുടെ ശ്രമഫലമായാണ് ക്രെയിനുപയോഗിച്ച് തിടപ്പള്ളിയിലെ അടുപ്പിലേക്കു മാറ്റിയത്. ചിങ്ങം ഒന്നുമുതൽ പാൽപ്പായസ വില വർധന നടപ്പാക്കാനായിരുന്നു നേരത്തേ ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ, തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി വൈകിയതുമൂലം വാർപ്പ് എത്തിക്കാൻ കഴിയാതെ വന്നതോടെ വിലവർധന മാറ്റിവയ്ക്കുകയായിരുന്നു.
ഡെപ്യൂട്ടി ദേവസ്വം കമ്മീ ഷണർ ബി. മുരാരി ബാബു, അസി. കമ്മീഷണർ വി. ഈശ്വരൻ നമ്പൂതിരി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. അജിത് എന്നിവരുടെ നേതൃത്വത്തിലാണ് വാർപ്പ് എത്തിച്ചത്.