എൻടിപിസി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടൽ; ഉന്നതതല യോഗം ചേരാൻ സുപ്രീംകോടതി നിർദേശം
1514512
Sunday, February 16, 2025 12:21 AM IST
ഹരിപ്പാട്: കായംകുളത്തെ എൻടിപിസി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര വിദ്യാഭ്യാസസെക്രട്ടറിക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഹരിപ്പാട് നിയോജകമണ്ഡലത്തിൽ 500 കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ രമേശ് ചെന്നിത്തല എംഎൽഎ വ്യക്തിപരമായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
എൻടിപിസി ചെയർമാൻ, കേന്ദ്രീയ വിദ്യാലയ കമ്മീഷണർ, കേരളത്തിലെ വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ഊർജ സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനാണ്കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. നിലവിൽ 517 വിദ്യാർഥികളുള്ള സ്കൂളിൽ18 വിദ്യാർഥികൾ മാത്രമാണ് തങ്ങളുടെ ജീവനക്കാരുടേതെന്ന് എൻടിപിസി സുപ്രീംകോടതിയെ അറിയിച്ചു. അതിനാൽ സ്കൂളിനെ സ്പോൺസർ ചെയ്യാൻ തങ്ങൾക്കാകില്ലെന്നും എൻടിപിസി കോടതിയെ അറിയിച്ചു.
അതേസമയം, 26 വർഷമായി പ്രവർത്തിക്കുന്ന സ്കൂൾ പെട്ടെന്ന് നിർത്തലാക്കിയാൽ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. രമേശ് ബാബു വാദിച്ചു. തുടർന്ന് സ്കൂൾ പൂർണമായും അടച്ചുപൂട്ടുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിക്കുകയും അടച്ചുപൂട്ടൽ ഒഴിവാക്കുന്നതിനെ ക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് ചേർക്കാൻ നിർദേശിക്കുകയും ചെയ്തു.