എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയിൽ
1599739
Tuesday, October 14, 2025 11:53 PM IST
ചാരുംമൂട്: എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തു. കായംകുളത്തുനിന്നു എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്.
കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ എറണാകുളത്തുനിന്നു കണ്ടെത്തി കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
എഎസ്ഐ രാജേഷ് ആർ. നായർ, എഎസ്ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ പലരിൽനിന്നു രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകാതെ പണം വാങ്ങി ഒരു വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു
ഇയാൾക്കെതിരേ തൃപ്പൂണിത്തുറ ഹിൽപാലസ്, നെടുമങ്ങാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ടെന്നും കൂടുതൽ പേർ പണം നൽകി തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.