ഓടയിൽ വീണ പശുവിന് രക്ഷകരായി ഫയർഫോഴസ്
1599747
Tuesday, October 14, 2025 11:53 PM IST
അമ്പലപ്പുഴ: ഓടയിൽ വീണ പശുവിന് രക്ഷകരായി ഫയർഫോഴസ് സംഘം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം ജോയിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഓടയിൽ വീണത്. രണ്ടാഴ്ച മുൻപാണ് ജോയി പശുവിനെ വാങ്ങിയത്. 5 ദിവസം മുൻപ് പ്രസവിച്ച പശു യാദൃഛികമായാണ് സമീപത്തെ ഓടയിൽ വീണത്. ഇതിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴയിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് താഹയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഘം അരമണിക്കൂറോളം പണിപ്പെട്ട് പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഭക്ഷണവും വെള്ളവും നൽകിയതോടെ പശു അപകടനില തരണം ചെയ്തു.
ഫയർമാൻമാരായ രഞ്ജുമോൻ, പ്രശാന്ത്, കെ.ആർ. അനീഷ്, സെബാസ്റ്റ്യൻ, അർജുൻ, പുഷ്പരാജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.