വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റു
1599738
Tuesday, October 14, 2025 11:53 PM IST
ഹരിപ്പാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നേകാല്‍ വയസുകാരന് തെരുവുനായയുടെ കടിയേറ്റു. മുതുകുളം വടക്ക് ചെറുവള്ളിയില്‍ പുത്തന്‍വീട്ടില്‍ അഭിജിത്തിന്റെയും ഗ്രീഷ്മയുടെയും മകന് സിയാന് അഭിക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
അപ്രതീക്ഷിതമായി ഓടിവന്ന നായ കുട്ടിയുടെ പിന്‍ഭാഗത്തു കാലിനു മുകളിലായാണ് കടിച്ചത്. ഗ്രീഷ്മ അടുത്തു നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രീഷ്മയ്ക്കു നേരേ നായ തിരിഞ്ഞെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിവന്ന അഭിജിത്താണ് നായയെ തുരത്തിയത്.
കുട്ടിയെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന്, വണ്ടാനം മെഡിക്കല്‍ കോളജിലുമെത്തിച്ച് ചികിത്സ നല്കി. ആറു ദിവസം മുന്‍പ് ഈ പ്രദേശത്തു തന്നെ അഞ്ചു പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. അന്നു കടിച്ച നായക്ക് പേവിഷബാധയേറ്റിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. വീണ്ടും ആക്രമണമുണ്ടായതോടെ ജനം ഭീതിയിലാണ്.