തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് കൊടിയേറി
1599746
Tuesday, October 14, 2025 11:53 PM IST
തുറവൂർ: നാരായണ മന്ത്രോച്ചാരണങ്ങളാൽ ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് കൊടിയേറി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വളമംഗലം തെക്ക് കണ്ണുവള്ളിൽ കുടുംബ ക്ഷേത്രത്തിൽനിന്ന് കൊടിക്കൂറയും കോങ്കേരിൽ കുടുംബ ക്ഷേത്രത്തിൽനിന്ന് കൊടിക്കയറും മഹാക്ഷേത്രത്തിൽ എത്തിച്ചു.
തുടർന്ന് വടക്കിനകത്ത് പുതുമന വാസുദേവൻ നമ്പൂതിരിയുടെയും തെക്കിനകത്ത് പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് കൊടിമരച്ചുവട്ടിൽ അന്നദാനത്തിനുള്ള വിഭവ സമർപ്പണവും കൊടിയേറ്റ് സദ്യയും നടന്നു.
ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഉത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. രാജഭരണകാലത്ത് ക്ഷേത്ര ചടങ്ങുകൾക്കു നേതൃത്വം നൽകിയ പാഴൂർ വടക്കില്ല മന സമുദായത്തിന് ക്ഷേത്രം ഉപദേശസമിതിയുടെ നേതൃത്വത്തിൽ കൊടിയേറ്റിനു മുമ്പ് ആചാരപരമായ സ്വീകരണം നൽകി. പ്രധാന ഉത്സവ ദിനമായ 20ന് ദീപാവലി വലിയവിളക്ക്.
21ന് തിരുവാറാട്ടോടെ ഉത്സവം സമാപിക്കും. കൊടിയേറ്റ് മുതൽ ആറാട്ടു വരെ ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടാവും.