22 ലക്ഷം രൂപ തട്ടിയ കോടതി ജീവനക്കാരൻ അറസ്റ്റിൽ
1599741
Tuesday, October 14, 2025 11:53 PM IST
ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചുപരിയാത്ത് വീട്ടിൽ രാജീവ് എസ്. നായർ (44) ആണ് അറസ്റ്റിലായത്.
കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ കൈയിൽനിന്നാണ് പണം തട്ടിപ്പ് നടത്തിയത്. ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രാജീവ്. ആ പരിചയ ത്തിലാണ് ഗോപിക വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുണ്ട് എന്ന് മനസിലാക്കിയത്.
തുടർന്ന് ഇവരെ മാവേലിക്കര കുടുംബകോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞു പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങിയത്. അതിനുശേഷം ഗോപികയേയും ഭർത്താവിനെയും ഈ വസ്തു കൊണ്ട് കാണിക്കുകയും ഇത് കോടതി സീൽ ചെയ്ത നിലയിലാണ് എന്നും ധരിപ്പിച്ചു.
വസ്തുവിന്റെ പേരിൽ ബാധ്യത തീർക്കാനുണ്ട് എന്ന് പറഞ്ഞു ഇതിനു സഹായിക്കുന്ന ജീവനക്കാർക്കും മറ്റും കൊടുക്കണമെന്ന് പറഞ്ഞു പലതവണയായി വീണ്ടും പണം വാങ്ങി.
എന്നാൽ, വസ്തു കിട്ടാതിരുന്നപ്പോൾ ഇവർ ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ രാജീവ് കൊടുക്കാമെന്നു പറഞ്ഞ വസ്തു ഇയാളുടെ പേരിൽ അല്ലെന്നും അത് കൊല്ലത്തുള്ള ഒരാളുടെ പേരിലുള്ളതാണെന്നും കണ്ടെത്തി. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇന്നലെ പോലീസ് പിടികൂടുകയായിരുന്നു. രാജീവ് ചെങ്ങന്നൂർ കോടതിയിലെ ബഞ്ച് ക്ലാർക്ക് ആണ്. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐ ആദർശ്, എഎസ്ഐ പ്രമോദ് എസ്പിഒ രേഖ, സിപിഒമാരായ നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.