ചേര്‍ത്തല ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
1478530
Tuesday, November 12, 2024 7:25 AM IST
ചേര്‍ത്തല: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയപാതയില്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടം ഈ വര്‍ഷം ഉണ്ടായ വാഹനാപകടങ്ങളില്‍ നിരവധിയാളുകളുടെ ജീവനാണ് പൊലിഞ്ഞത്. നിരവധിപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയില്‍ ചേര്‍ത്തല തങ്കി കവലയ്ക്ക് വടക്ക് സിഎംഎസിനു സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ടു യുവാക്കളാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാര്‍ഡ് പറമ്പടച്ചിറ മുരുകേശന് (43), ഭാര്യാ സഹോദരന് ശിവകുമാര്‍ (28) എന്നിവരാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന മുരുകേശനും ശിവകുമാറും കഞ്ഞിക്കുഴിയില്‍നിന്നു തൃശൂരിലേക്കു സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.
കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് ഇടിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ നിസംഗതയിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മൂന്നുമാസങ്ങളിലായി ദേശീയപാതയില്‍ വയലാര്‍ ജംഗ്ഷന് മുതല്‍ മതിലകം വരെ നിരവധി അപകടങ്ങളില്‍ പത്തോളം പേര് മരിച്ചിട്ടുണ്ട്.
നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 15ന് ദേശീയപാതയില്‍ അര്‍ത്തുങ്കല്‍ ബൈപാസില്‍ ബൈക്കിടിച്ച് നഗരസഭ 28-ാം വാര്‍ഡ് നെല്ലിക്കല്‍ ജോസഫിന്റെ മകന് ലിയോ (28) മരിച്ചു. കഴിഞ്ഞമാസം 10ന് ആത്മീയ യാത്രാസംഘത്തില്‍പ്പെട്ട പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കലടിവിള കിഴക്കേതില്‍ കമറുദ്ദീന് നിയന്ത്രണംവിട്ട ബൈക്കിടിച്ച് മരിച്ചു.
ദേശീയപാതയില്‍ ചേര്‍ത്തല മതിലകം ജംഗ്ഷന് തെക്കായിരുന്നു അപകടം. സെപ്റ്റംബര്‍ 22ന് ദേശീയപാതയില്‍ മതിലകം ആശുപത്രിക്ക് തെക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ചേര്‍ത്തല നഗരസഭ 18-ാം വാര്‍ഡ് കുഴുവേലി കിഴക്കേമഠം പരേതനായ ശിവരാമനുണ്ണിയുടെ മകന് കെ.എസ്. മനോജ് (47) മരിച്ചു.
നവംബര്‍ ആറിന് ദേശീയപാതയിലെ ഒറ്റപ്പുന്നയില്‍ അടിപ്പാത നിര്‍മാണ സ്ഥലത്തേക്കു ബൈക്ക് ഇടിച്ചുകയറി എറണാകുളം വൈറ്റില സ്വദേശി ശംഭു(26), ഓച്ചിറ സ്വദേശി ശ്യാംലാല്‍ (25) എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിലെ നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ കുരുങ്ങിയ ഇരുവരെയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്താണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയത്.
അരൂര്‍-ഒറ്റപ്പുന്ന 20 കിലോമീറ്റില്‍ നിരവധി അപകടമേഖലകള്‍ ഉണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ഉയരപ്പാത നിര്‍മാണം നടക്കുന്ന തുറവൂര്‍-അരൂര്‍ പാതയിലാണ്. ഇവിടെ മാത്രം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ അമ്പതോളം പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
എതിരേ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നു
എതിരേ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഈ ഭാഗങ്ങളില്‍ കൂടുതലായും അപകടം ഉണ്ടാകുന്നത്. ഇന്നലെ നടന്ന അപകടവും ഇങ്ങനെതന്നെ. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഒരുഭാഗം ഒഴിവാക്കി ഇരുവശവും വാഹനങ്ങള്‍ നേര്‍ക്കുനേരെയാണ് കടത്തിവിടുന്നത്. പാതയിലുടെ മധ്യഭാഗത്ത് ഡിവൈഡര്‍ ഇല്ലാത്തതും സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
വയലാര്‍ ജംഗ്ഷനില്വരെ നാലുവരി പാതയാണ്. ഇവിടെ നിന്നു തങ്കികവലവരെ വാഹനങ്ങള്‍ ഇരുവരി പാതയിലൂടെ സഞ്ചരിക്കണം. നാലുവരി പാതയില്‍ നിന്നു വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇരുവരി പാതയിലും അതേവേഗത്തോടെ മുന്നോട്ടുപോകുമ്പോള്‍ എതിരേവരുന്നവാഹനവുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട്.
ദേശീയപാതാ വികനത്തിന്റെ ഭാഗമായി ഈ ഭാഗത്ത് താത്കാലിക ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മുന്നറിയിപ്പൊന്നും ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ അത് ശ്രദ്ധിക്കാറില്ല. ദേശീയപാതയിൽ രക്തച്ചൊരിച്ചിൽ ഇല്ലാത്ത ഒരു ദിവസം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടം ക്ഷണിച്ചുവരുത്തുന്നത്
അശാസ്ത്രീയമായ ദേശീയപാത നിർമാണം, വഴിവിളക്കുകൾ തെളിയാത്തതിനെത്തുടർന്നുള്ള വെളിച്ചക്കുറവ്, അമിതവേഗത, ഡ്രൈവർമാരുടെ അശ്രദ്ധ, മതിയായ വേഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തത്.