കുഴല്‍ വീണ്ടും പൊട്ടി; ചേര്‍ത്തലയില്‍ ശുദ്ധജലവിതരണം 19 വരെ മുടങ്ങും
1461502
Wednesday, October 16, 2024 6:02 AM IST
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വീണ്ടും മുടങ്ങി. ഇന്നലെ വൈകുന്നേരം ദേശീയപാതയില്‍ എക്സറേ കവലയ്ക്കു സമീപം തൈക്കാട്ടുശേ രി ശുദ്ധീകരണശാലയില്നിന്നു കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രധാന കുഴലാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് ചേര്‍ത്തല നഗരസഭ, പള്ളിപ്പുറം, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ ഭാഗികമായും മുഹമ്മ, കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണമായും കുടിവെള്ള വിതരണം മുടങ്ങി.
19 വരെ വെള്ളം മുടങ്ങുമെന്നാണ് ജലഅഥോറിറ്റി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഇതേ പ്രദേശങ്ങളില്‍ വെള്ളവിതരണം മുടങ്ങുന്നത്. തുടര്‍ച്ചയായി കുടിവെള്ള വിതരണം മുടങ്ങുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ ജലഅഥോറിറ്റി അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി നടപടികള്‍ തുടങ്ങി.
വെള്ളം വറ്റിക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഇന്നു രാവിലെ തന്നെ കുഴലില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങും. കഴിവതും വേഗത്തില്‍ വിതരണം തുടങ്ങുമെന്ന് ജലഅഥോറിറ്റി അധികൃതര്‍ അറിയിച്ചു.