എങ്ങുമെത്താതെ വെട്ടിക്കോട് ചാൽ ടൂറിസം പദ്ധതി
1461087
Tuesday, October 15, 2024 12:20 AM IST
ചാരുംമൂട്: നാലുവർഷം മുമ്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതി പാതിവഴിയിൽ. 2019ൽ പ്രാരംഭ നിർമാണത്തിനിടെ ചാലിൽ നിർമിച്ച കരിങ്കൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചു. സംരക്ഷണഭിത്തിയോട് ചേർന്ന ഭാഗത്ത് ചെളിയന്ത്രം ഉപയോഗിച്ച് നീക്കിയപ്പോഴാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. അന്ന് സംഭവം വിവാദമാവുകയും രാഷ്ട്രീയ പാർട്ടികൾ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തുവരികയും ചാലിൽ കൊടികുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് നിലച്ച നിർമാണ പ്രവർത്തനങ്ങൾ പിന്നീട് പുനരാരംഭിച്ചില്ല.
വെട്ടിക്കോട് ചാൽ ഇപ്പോൾ മാലിന്യകേന്ദ്രവും മരണക്കെണിയുമായി മാറിയിരിക്കുകയാണ്. ചാലിന്റെ പരിസരങ്ങളിൽ വ്യാപകമായി ഇപ്പോൾ മാലിന്യം തള്ളുകയാണ്. കഴിഞ്ഞദിവസം ചാലിൽ കറ്റാനം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
കാടും പടർപ്പും കയറിക്കിടക്കുന്ന വെട്ടിക്കോട് ചാലിൽ മുമ്പ് പലരെയും മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കായംകുളം- പുനലൂർ റോഡിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി വെട്ടിക്കോട് ചാലിനെ മാറ്റിയെടുക്കാൻ 1.30 കോടി രൂപയാണ് അനുവദിച്ചത്. കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, ഭക്ഷണശാല, ബോട്ടിംഗ് തുടങ്ങിയവയാണ് പദ്ധതിയിൽ ലക്ഷ്യമിട്ടത്.
ഇതിൽ 99 ലക്ഷം രൂപ ടൂറിസം വകുപ്പും 40 ലക്ഷം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചെലവഴിക്കാനാണ് തീരുമാനിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 25 ലക്ഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം ചുനക്കര പഞ്ചായത്ത് 5 ലക്ഷവും വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. രാത്രിയുടെ മറവിലാണ് ഇപ്പോൾ ഇവിടെ മാലിന്യം തള്ളുന്നത്.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ ചുനക്കര പഞ്ചായത്ത് കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇവയും നിശ്ചലമായി. ചാൽ ടൂറിസം പദ്ധതി പൂർത്തീകരിക്കാൻ ത്രിതല പഞ്ചായത്തുകളും ടൂറിസം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.