തിരുവോണനാളിൽ അരൂരിൽ ഗുണ്ടാവിളയാട്ടം
1453667
Tuesday, September 17, 2024 12:07 AM IST
തുറവൂർ: മാരകായുധങ്ങളുമായി തിരുവോണനാളിൽ അരൂരിൽ ഗുണ്ടാ വിളയാട്ടം. വീടുകയറി നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്.
ഒരാൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ കരിങ്ങണംകുഴിയിൽ ജോർജ് (60), ഭാര്യ മേരി (57), മകൻ ആൽബിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു മകൻ ഫിലിപ്പ് വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.
സമീപത്തുള്ള റോഡിലൂടെ ബൈക്കിൽ പോയ രണ്ടു പേരുമായി തർക്കം ഉണ്ടാക്കിയിരുന്നു. അതിൽ രോഷം കൊണ്ടാണ് പതിനഞ്ചോളം പേർ വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി എത്തി വീട് അടിച്ചുതകർത്തത്. ഇരുമ്പ് ഗെയിറ്റ്, കാർപോർച്ചിൽ ഇരുന്ന രണ്ടു ബൈക്കുകൾ, ടിവി, ജനലുകൾ, വീട്ടുപകരണങ്ങൾ എന്നിവ തകർത്തു.
ആക്രമണത്തിൽ പരിക്കേറ്റ വീട്ടുകാർ ഒരു മുറിയിൽ കയറി കതകടച്ച് ഇരുന്നതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റൊരു വീട്ടിൽ കയറി ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ജോർജിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്.
അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ജോർജിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഭാര്യ മേരിയെ മർദിച്ച ശേഷം വസ്ത്രങ്ങൾ വലിച്ചുകീറി.
വീടിനുള്ളിൽ രക്തം കിടപ്പുണ്ട്. കഴിഞ്ഞ ദിവസവും സമാന സ്വഭാവമുള്ള ആക്രമണം നടന്നിരുന്നു. പ്രദേശം ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.