അനധികൃത നെല്‍വയല്‍ നികത്തൽ: ഉടന്‍ നടപടി
1452844
Thursday, September 12, 2024 11:26 PM IST
ആലപ്പുഴ: നെല്‍വയലുകള്‍ അനധികൃതമായി നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ ഉടന്‍ നടപടി ആരംഭിക്കുമെന്ന് മന്ത്രി കെ. രാജന്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സെക്ഷന്‍ 13 പ്രകാരം, സര്‍ക്കാര്‍ ഉത്തരവില്ലാതെ അനധികൃതമായി മണ്ണിട്ടുനികത്തിയ എല്ലായിടത്തും മണ്ണ് തിരിച്ചെടുത്ത് പൂര്‍വാധികം ശക്തമായി അവിടെ കൃഷി നടത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ ആലാ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.
ആറുമാസം കൊണ്ട് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി നാടിന് സമര്‍പ്പിക്കാനാകുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു മന്ത്രി സജി ചെറിയാന് പറഞ്ഞു. നൂറ് കോടി ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രിയുടെ എട്ട് നിലകളുടെ വാര്‍പ്പും പൂര്‍ത്തിയായി. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്വന്തം കെട്ടിടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂരില്‍ തിയറ്റര്‍ കോംപ്ലക്സുിനുള്ള ഫയല്‍ സര്‍ക്കാരിലേക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു.