വയോജന പരിപാലന കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നാളെ
1452297
Tuesday, September 10, 2024 10:46 PM IST
ഹരിപ്പാട്: കഴിഞ്ഞ പത്തുവർഷമായി മുട്ടം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള വസഥം പകൽ വീടിന്റെ അനുബന്ധമായി നിർമാണം ആരംഭിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമം നാളെ രാവിലെ 10.30ന് രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും. നേരത്തേ ഇതേ സംഘടന ജില്ലാ പഞ്ചായത്തിന് കൈമാറിയ ഏഴു സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് കെട്ടിടം നിർമിച്ച് ചേപ്പാട് പഞ്ചായത്തിന് കൈമാറിയിരുന്നു.
ഇതിന്റെ നടത്തിപ്പ് ചുമതല സാന്ത്വനത്തെ തന്നെ ഏല്പിക്കുകയും നല്ലരീതിയിൽ നടന്നുവരികയുമാണ്. ഇവിടെ പതിനഞ്ചോളം അന്തേവാസികളാണുള്ളത്. ഇവരെ സാന്ത്വനത്തിന്റെ വാഹനത്തിൽ തന്നെ രാവിലെ അവരവരുടെ വീടുകളിൽനിന്ന് കൂട്ടിക്കൊണ്ടുവരികയും വൈകിട്ട് തിരികെ എത്തിക്കുകയുമാണ് പതിവ്. ഇവർക്ക് ദൈനംദിന ഭക്ഷണം, വസ്ത്രം, മരുന്ന് ഇതെല്ലാം സംഘടന തന്നെയാണ് നൽകുന്നത്.
അന്തേവാസികളുടെ നിരന്തരമായുള്ള ആവശ്യവും നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നുമുള്ള വയോജനങ്ങളെ അന്തേവാസികളായി ഏറ്റെടുക്കുമോയെന്നുള്ള നിരന്തര അന്വേഷണങ്ങളുമാണ് വയോജന പരിപാലന കേന്ദ്രം തുടങ്ങിയാലെന്തെന്നുള്ള ചിന്താഗതിയിലേക്ക് ഭാരവാഹികളെ നയിച്ചത്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ഒരു കോടി രൂപ ചെലവിൽ 32 മുറികളും ലിഫ്റ്റും മറ്റു സൗകര്യങ്ങളുമുള്ള ഇരുനില കെട്ടിടത്തിന് ഇപ്പോൾ തറക്കല്ലിടുന്നത്.
ഇതുകൂടാതെ പ്രതിമാസ ആയുർവേദ മെഡിക്കൽ ക്യാമ്പ്, സൗജന്യ നേത്രചികിത്സാ ക്യാമ്പ് എന്നിവയും നടത്തുന്നു. കിടപ്പു രോഗികൾക്ക് കട്ടിലുകൾ, 50 വീൽച്ചെയറുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവയും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. തറക്കല്ലിടൽ കർമ ത്തോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ. ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജോൺ തോമസ്, പ്രഫ.ആർ. അജിത്, എം.കെ. ശ്രീനിവാസൻ, കെ.പി ദേവദാസ്, ടി.വി. വിനോബ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.