പൊതുജനത്തെ അമ്പരപ്പിച്ച് അതിക്രമം: പിന്നാലെ അറിയിപ്പ് മോക് ഡ്രില്ലാണെന്ന്
1452293
Tuesday, September 10, 2024 10:46 PM IST
ആലപ്പുഴ: സൈറൺ മുഴക്കി ആംബുലൻസ് അത്യാഹിതവിഭാഗത്തിലേക്കു പാഞ്ഞെത്തി. ആംബുലൻസിനുള്ളിൽ സ്ട്രെച്ചറിൽ കിടത്തിയിരുന്ന രോഗിയെ ജീവനക്കാർ പുറത്തേക്കെടുത്തു. രോഗിയുടെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും ഒപ്പമിറങ്ങി. രോഗിയുടെ ഒപ്പമുണ്ടായിരുന്ന യുവതി ജീവനക്കാരുടെമേൽ തട്ടിക്കയറി.
ആശുപത്രി ഉപകരണങ്ങൾ തകർക്കാനുള്ള ശ്രമം ഉണ്ടായി. കൂടെ ഉണ്ടായിരുന്നയാളും അക്രമാസക്തനായി. സെക്യൂരിറ്റി ജീവനക്കാരും പോലീസ് എയ്ഡ്പോസ്റ്റ് ജീവനക്കാരും വേഗത്തിൽ ഓടിയെത്തി. ഇരുവരെയും പിടിച്ചുമാറ്റി. ഈ സമയം സൂപ്രണ്ടിന്റെ ഓഫീസിൽനിന്ന് അറിയിച്ചതിനെതുടർന്ന് പോലീസ് വാഹനം എത്തുകയും അക്രമാസക്തരായവരെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
ഇതെല്ലാം കണ്ട് ആദ്യം അമ്പരപ്പോടെനിന്ന പൊതുജനം മോക്ഡ്രില്ലെന്നറിഞ്ഞപ്പോൾ ചിരിയോടെ നിന്നു. ഇന്നലെ രാവിലെ 11 നാണ് ജില്ലാ പോലീസിന്റെ യും ആലപ്പുഴ ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മോക്ഡ്രിൽ അരങ്ങേറിയത്. ആശുപത്രികളിൽ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കോഡ് ഗ്രേ മോക് ഡ്രില്ലിൽ ആശുപത്രി ജീവനക്കാരും പോലീസ് ഓഫീസർമാരും അഭിനേതാക്കളായി.
സൂപ്രണ്ട് ഡോ. സന്ധ്യ. ആർ, നോഡൽ ഓഫീസർ ഡോ. അനുപമ, ആർഎംഒ ഡോ. ആശ.എം., പോലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രതാപൻ, അനിൽകുമാർ, ലേ സെക്രട്ടറി സാബു.റ്റി, നഴ്സിംഗ് സൂപ്രണ്ട് ദീപാറാണി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് രജിത തുടങ്ങിയവർ നേതൃത്വം നൽകി.
മോക്ഡ്രില്ലിൽ പ്രധാന അഭിനേതാക്കളായി ആശുപത്രി ജീവനക്കാരായ പീറ്റർ എസ്.ജെ., അംബിക, നസറുദ്ദീൻ തമ്പി, ഷൈബു, രജനീഷ്, നാസർ, ശാലിനി എന്നിവരും പോലീസ് ഓഫീസർമാരായ സുർജിത്ത്, വരുൺകുമാർ, ബിപിൻ എന്നിവരും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും പങ്കുകാരായി.