ദർശനസമൂഹവും കൊംബ്രേരിയ തിരുനാളും
1444642
Tuesday, August 13, 2024 10:33 PM IST
വിശ്വാസസമൂഹത്തിന്റെ ആത്മീയ ആഘോഷവും പള്ളിപ്പുറം ദേശത്തിന്റെ ഉത്സവവുമാണ് പള്ളിപ്പുറത്തമ്മയുടെ തിരുനാൾ. വിശ്വാസസമൂഹത്തിന്റെ വളർച്ചയിൽ അതിർത്തികൾ പുനർനിർണയിക്കപ്പെട്ടുവെങ്കിലും തങ്ങളുടെ മാതൃദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് എത്തുന്ന പതിവ് ഇന്നു വിശ്വാസികൾ തുടരുന്നു. കേരള സഭയിൽ ഇന്നു കാണുന്ന പല ആചാരാനുഷ്ഠാനങ്ങൾക്കും സംവിധാനങ്ങൾക്കും തുടക്കം കുറിച്ചത് പള്ളിപ്പുറത്തമ്മയുടെ മണ്ണിലാണ്.
വരാപ്പുഴ മെത്രാന്റെ സെക്രട്ടറിയും ആലോചനക്കാരനും ആയിരുന്ന പള്ളിപ്പുറം പാലക്കൽ തോമാ മല്പാന്റെ കൽപ്പനയാലാണ് ദേവാലയങ്ങളിൽ ദർശനസമൂഹം സ്ഥാപിക്കപ്പെട്ടത്.
അന്നുമുതൽ തിരുനാളിനു നേതൃത്വം നൽകുന്നത് മാതാവിന്റെ നാമധേയത്തിലുള്ള ദർശനസമൂഹമാണ്. അതിനാൽ ഇവിടത്തെ തിരുനാൾ കൊംബ്രേരിയ തിരുനാൾ എന്നാണ് അറിയപ്പെടുന്നത്. കൊംബ്രേരിയയുടെ തനിമയും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് പ്രസുദേന്തിയായി തിരുനാൾ ഏറ്റെടുത്തുനടത്തുന്നത്.
കൊംബ്രേരിയയുടെ പുരാതന ആചാരാനുഷ്ഠനങ്ങളായ സാന്താമേശ, സാൽവേ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, കപ്ലോൻ വികാരി വാഴ്ച മുതലായ അനുഷ്ഠാനങ്ങൾ ഒട്ടും കലർപ്പില്ലാതെ തനിമയോടെ നിലനിർത്തിയാണ് തിരുനാൾ ആഘോഷങ്ങൾ നടത്തിവരുന്നത്.
തിരുനാൾ ദിവസങ്ങളിലെ തിരുക്കർമങ്ങളിൽ ദർശനസമൂഹാംഗങ്ങൾ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് പങ്കെടുക്കുന്നു. തിരുനാൾ ദിനങ്ങളിൽ മാത്രം പ്രതിഷ്ഠിക്കുന്ന പള്ളിപ്പുറത്തമ്മയുടെ തിരുസ്വരൂപം വണങ്ങുന്നതിനും പ്രദക്ഷിണത്തിൽ പങ്കുചേരുന്നതിനുമായി നാനാജാതി മതസ്ഥർ പള്ളിയിൽ എത്തിച്ചേരുന്നു. മക്കൾ ഇല്ലാത്ത ദമ്പതിമാരും വിവാഹം നടക്കാത്ത യുവതീ-യുവാക്കളും പള്ളിപ്പുറത്തമ്മയുടെ മാധ്യസ്ഥം തേടി വരുന്നത് ഇവിടത്തെ പതിവു കാഴ്ചയാണ്.
പഴയ ഇടവക അതിർത്തികളിൽനിന്നും പുറത്തുനിന്നും ധാരാളം വിശ്വാസികൾ എത്തിച്ചേരുമ്പോൾ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമ സ്ഥാനമായി പള്ളിയും പരിസരങ്ങളും മാറുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി തിരുനാൾ പ്രദക്ഷിണത്തിനിടയിൽ കുരിശ്, കുട എന്നിവയെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യമാണ്.
അതുപോലെതന്നെ പള്ളിപ്പുറത്തമ്മയുടെ പ്രധാന നേർച്ചയായി കിരീടം എടുത്തുവയ്ക്കുന്നതിനും ധാരാളം വിശ്വാസികൾ പള്ളിപ്പുറത്തമ്മയുടെ സന്നിധിയിൽ എത്തിച്ചേരാറുണ്ട്.
ഇന്ന് വേസ്പരദിനം
രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് കപ്ലോൻ വികരിയുടെ കാർമികത്വത്തിൽ ദർശനസമൂഹത്തിനും 2025ലെ സ്ഥാനക്കാർക്കും വേണ്ടി പാട്ടുകുർബാന. വൈകുന്നേരം നാലിന് ജപമാലയെ തുടർന്ന് പാട്ടുകുർബാന. പറവൂര്‍ (കോട്ടക്കാവ്) ഫൊറോന വികാരി റവ.ഡോ.ജോസ് പുതിയേടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് തിരി, തിരുസ്വരൂപം വെഞ്ചരിപ്പ്, തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കൽ.
തുടർന്ന് വേസ്പര. നോര്‍ത്ത് പാണാവള്ളി ഇടവക വികാരി ഫാ. വിപിൻ കുരിശുതറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. കാലടി ഇടവക വികാരി ഫാ. മാത്യു കിലുക്കൻ വചനസന്ദേശം നല്‍കും. തുടർന്ന് പ്രദക്ഷിണം, കപ്ലോൻ വികാരി വാഴ്ചയും ആശീർവാദവും.