ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുനേരേ കല്ലെറിഞ്ഞു: യുവാക്കൾ അറസ്റ്റിൽ
1443784
Sunday, August 11, 2024 2:28 AM IST
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടു യുവാക്കളെ ചെങ്ങന്നൂർ ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര മീനത്തേതിൽ ദേവകുമാർ (24), തഴക്കര ചങ്ങലവേലിയിൽ എസ്. അഖിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ 24ന് കോട്ടയം റൂട്ടിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനും ചെങ്ങന്നൂരിലെ ചെറിയനാട് റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 120 82 നമ്പർ ജനശതാബ്ദി എക്സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. കല്ലേറിൽ എ.സി. കോച്ചിന്റെ ജനൽ ചില്ലുകൾ തകർന്നു. കുറ്റകൃത്യം ചെയ്തവർ പിന്നീട് മുങ്ങി നടക്കുകയായിരുന്നു. ആർപിഎഫ് ചെങ്ങന്നൂർ സിഐ എ.പി. വേണുവിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസി. സബ് ഇൻസ്പെക്ടർമാരായ വി. പത്മകുമാർ, ആർ. ഗിരികുമാർ ഹെഡ്കോസ്റ്റബിൾ വി. മനോജ്, സീനിയർ കോൺസ്റ്റബിൾ മാരായ അരുൺ എം. കുമാർ, എസ്. ഷൈബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.