കൂലി വര്‍ധന ആവശ്യപ്പെട്ട് കയര്‍ത്തൊഴിലാളികള്‍ പണിമുടക്കിലേക്ക്
1443182
Thursday, August 8, 2024 11:34 PM IST
ചേര്‍ത്തല: കയര്‍മേഖലയിലെ പ്രതിസന്ധിയില്‍ ഇടപെടലുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല കയര്‍ സംഘടനകളും കയര്‍ സംഘങ്ങളും സമരത്തിലേക്ക്. കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, കയര്‍ ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി), മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് സംഘങ്ങളുമാണ് സമരം തുടങ്ങുന്നത്. സമര പ്രഖ്യാപന സമ്മേളനം 10ന് ചേര്‍ത്തലയില്‍ നടക്കും.
കയര്‍പിരി, കയര്‍ഫാക്ടറി തൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്കരിക്കണമെന്നതുള്പ്പെടെ 11 ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. കയറും ഉത്പന്നങ്ങളും നല്‍കിയതിന് അംഗസംഘങ്ങള്‍ക്ക് കയര്‍ കോര്‍പറേഷനും കയര്‍ഫെഡും നല്‍കാനുള്ള 60 കോടി ഓണത്തിനു മുമ്പായി നല്‍കുക, കെട്ടിക്കിടക്കുന്ന കയറുത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണുയര്ത്തിയിരിക്കുന്നത്. 10ന് രാവിലെ 10.30ന് ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
പണിമുടക്കിനൊപ്പം സെക്രട്ടേറിയേറ്റിലേക്കു പ്രകടനമടക്കമുള്ള സമരമാണ് നടത്തുന്നത്. മേഖലയിലെ സിഐടിയു ഒഴികെയുള്ള സംഘടനകളുമായി യോജിച്ചുള്ള സമരങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.