ഫോണിലൂടെ അസഭ്യം; നേരിൽ പെപ്പർ സ്പ്രേ പ്രയോഗം
1443181
Thursday, August 8, 2024 11:34 PM IST
ആലപ്പുഴ: അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ യുവാവിന്റെ പെപ്പർ സ്പ്രേ പ്രയോഗം. ചെങ്ങന്നൂരിനു സമീപം വെൺമണിയിലാണു സംഭവം. സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണിമുഴക്കുകയും ചെയ്ത യുവാവിനെക്കുറിച്ച് അന്വേഷിക്കാനാണു വെൺമണി പോലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം എത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് പ്രതിയെന്നു പോലീസിനു വിവരം കിട്ടിയിരുന്നു. എന്നാൽ, വീട്ടിലെത്തിയ പോലീസുകാർക്കുനേരേ അപ്രതീക്ഷിതമായി യുവാവ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു പെപ്പർ സ്പ്രേ ആക്രമണം. തുടർന്നു മറ്റു പോലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി.
ഇയാളെ പോലീസ് കസ്റ്റഡിയിൽഎടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുക, പോലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.