തോട്ടപ്പള്ളി മണല്‍ ഖനനം: ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.സി. വേണുഗോപാല്‍
1437079
Thursday, July 18, 2024 10:34 PM IST
ആമ്പലപ്പുഴ: പരിസ്ഥിതി ആഘാതപഠനം നടത്താതെയും ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെയും വര്‍ഷം മുഴുവന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണലെടുപ്പിന് കെഎംഎംഎല്ലിന് അനുമതി നല്കി ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഈ ഉത്തവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഈ വിഷയം ലോക്സഭയില്‍ ഉന്നയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനെന്ന വ്യാജേന നല്കിയ മണലെടുപ്പ് അനുമതിക്ക് പിന്നില്‍ വന്‍ അഴിമതിക്ക് കളമൊരുക്കാനാണ്.
ഖനനാനുമതി നല്‍കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടില്ല. മണല്‍ ഖനനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ക്കുറിച്ച് പഠിച്ചിട്ടില്ല. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയാണ് ആലപ്പുഴ. ഇവിടത്തെ തീരദേശ മേഖലയെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഗൂഢപദ്ധതിയാണിത്.
വന്‍കൊള്ളയും അഴിമതിയുമാണ്.
ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണം മുന്‍പ് തന്നെ ഉയര്‍ന്നിട്ടുണ്ട്. സാധാരണഗതിയില്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ ഷര്‍ട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയാണ്.
2019ലെ പ്രളത്തിനുശേഷം മണല്‍ത്തിട്ട നീക്കം ചെയ്യാനെന്ന പേരിലാണ് മണലെടുപ്പിന് അനുമതി നല്‍കിയത്. ഒരു താത്കാലിക ക്രമീകരണം മാത്രമായിരുന്നത്. എന്നാല്‍, വര്‍ഷം തോറും മണലെടുപ്പിന് അനുമതി നല്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.