ഫലപ്രദമായ കളനശീകരണം: തുടർ പരിശീലനവുമായി ക്രിസ് ഇൻഫാം
1437072
Thursday, July 18, 2024 10:34 PM IST
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന്റെ ഭാഗമായി മാമ്പുഴക്കരി ക്രിസ് സെന്ററിൽ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാർഷിക പരിശീലനം മൂന്നാം ദിവസത്തെ ക്ലാസ് നടന്നു.
സർക്കാരുമായി യോജിച്ചു പ്രവർത്തിച്ച് ഗുഡ് അഗ്രിക്കൾചർ പ്രാക്ടീസ് കുട്ടനാട്ടിൽ പ്രാവർത്തികമാക്കിയാൽ പുതിയ കാർഷിക വിപ്ലവം സാധ്യമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിൽ ക്രിസ് -ഇൻഫാം പ്രവർത്തക സമിതിയുടെ മേൽനോട്ടത്തിൽ ജൂൺ 26ന് പ്രാരംഭ ക്ലാസ് ആരംഭിച്ചിരുന്നു.
ജൂലൈ രണ്ടിന് രണ്ടാം ദിന ക്ലാസ് നെൽകൃഷിയിലെ നിലമൊരുക്കലും വളപ്രയോഗവും എന്ന വിഷയത്തെ അധികരിച്ച് നടന്നിരുന്നു. ആദ്യം അപേക്ഷിച്ചിരുന്ന 75 പേരാണ് തുടർ പരിശീലനത്തിനായി എത്തുന്നത്.
തുടർന്നുവരുന്ന മാസങ്ങളിൽ ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ 6 ക്ലാസുകൾ കൂടി ഇതിൽ പങ്കെടുക്കുന്നവർക്കായി ക്രമീകരിച്ചിരിക്കുന്നു. ഇന്നു നടന്ന ക്ലാസിൽ മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണ കേന്ദ്രം പ്രഫസർ ഡോ. നിമ്മി ജോസ് "നെൽകൃഷിയിലെ കളനശീകരണം’ എന്ന വിഷയത്തെ അധികരിച്ച് സമഗ്രമായി ക്ലാസ് എടുക്കുകയും കർഷരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് പദ്ധതി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, പി ആർഒ ടോം ജോസഫ് ചമ്പക്കുളം, വർഗീസ് എം.കെ. മണ്ണൂപ്പറമ്പിൽ, ജോസി ഡൊമിനിക് തേവേരിക്കളം, ജോർജ് വാച്ചാപറമ്പിൽ, സൈനോ തോമസ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിച്ചു.