കനത്തമഴ: ജനജീവിതം ദുരിതക്കയത്തിൽ
1436839
Wednesday, July 17, 2024 11:35 PM IST
ചേർത്തലയിൽ 3700
വീടുകള്‍ വെള്ളക്കെട്ടിൽ
ചേര്‍ത്തല: മഴയുടെ ദുരിതപ്പെയ്ത്തില്‍ താലുക്കില്‍ ജനജീവിതം ദുഃസഹമാക്കി വെള്ളക്കെട്ട്. 3700 ഓളം വീടുകള്‍ വെള്ളക്കെട്ടിന്റെ ദുരിതത്തിലായി. തൈക്കാട്ടുശേരിയില്‍ വീടുതകര്‍ന്നു നാലുപേര്‍ക്കു പരിക്കേറ്റു. തീരദേശത്തടക്കം ജലനിരപ്പുയര്‍ന്നതിനാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തല തെക്ക് ആറാം വാര്‍ഡില്‍ അംബേദ്ക്കര്‍ സാംസ്കാരിക നിലയില്‍ ബുധനാഴ്ച രാവിലെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ആറുകുടുംബങ്ങളിലായി 18 പേരെയാണ് ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പട്ടണക്കാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലും ക്യാമ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പട്ടണക്കാട് അന്ധകാരനഴിയടക്കം പലയിടത്തും ശുചിമുറികളടക്കം വെള്ളത്തിലായതിനാല്‍ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലായിട്ടുണ്ട്.
മഴ ഇനിയും ശക്തമായാല്‍ പലപ്രദേശങ്ങളും ഒറ്റപ്പെടുന്ന സ്ഥിതിയിലാണ്. തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലായി മരം വീണ് മൂന്നു വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഒറ്റമശേരി, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ കടലേറ്റവും ഭീഷണിയുയര്‍ത്തുന്നുണ്ട്. ചേര്‍ത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ബിആര്‍സി ഓഫീസും സ്കൗട്ട് ഓഫീസും പ്രവര്‍ത്തിക്കുന്നയിടം മുട്ടൊപ്പം വെള്ളത്തിലായി.
ഓഫീസിലേക്ക് നീന്തിക്കയറേണ്ട സ്ഥിതിയിലാണ്. പല കെട്ടിടങ്ങളും പരിമിതികള്‍ നിറഞ്ഞതായതിനാല്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഭീഷണിയിലാണ്. ഓടനിര്‍മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു കാരണമാകുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കാവാലത്ത് വ്യാപകനാശം
മങ്കൊമ്പ്: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കാവാലം പ്രദേശത്ത് വ്യാപക നാശനഷ്ടം. തിങ്കളാഴ്ച രാത്രി പത്തോടെയാണ് കാവാലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റ് വിനാശം വിതച്ചത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണു നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കരകൃഷികൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കാവാലം പഞ്ചായത്ത് ഓഫീസിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
കാവാലം വില്ലേജ് പരിധിയിൽ പനച്ചിപ്പറമ്പിൽ ബിൽഡിംഗ്സിൽ പ്രവർത്തിക്കുന്ന ജിസ് ജോബിയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകടയ്ക്കും ബേക്കറിക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ മുൻവശത്തായി സ്ഥാപിച്ചിരുന്ന ഷീറ്റുകൾ, അവയുടെമേൽക്കൂരയടക്കം കാറ്റിൽ പറന്നുപോയി. ഇവ ഉറപ്പിച്ചിരുന്ന ഭിത്തിയുടെ ഭാഗങ്ങളും തകർന്നുവീണു. പലചരക്കു സാധനങ്ങളും ബേക്കറിയിലെ വില്പനസാധനങ്ങളും നനഞ്ഞു നശിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
കാവാലം പഞ്ചായത്ത് പതിനൊന്നാം വാർഡ് കുന്നുമ്മ വില്ലേജിൽ മുണ്ടകത്തറ എംസി ജോയപ്പന്റെ നിർമാണത്തിലിരുന്ന വീടിനും മരം വീണു നാശനഷ്ടം നേരിട്ടു. പഴയ വീടിന്റെ മേൽക്കൂരയും ഭിത്തിയും പൊളിച്ചുനീക്കി പുനർനിർമാണ ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴായിരുന്നു സംഭവം. അയൽപക്കത്തെ പുരയിടത്തിൽനിന്നിരുന്ന ചാമ്പമരം കാറ്റിൽ കടപുഴകി വീടിനു മുകളിലേക്കു വീഴുകയായിരുന്നു.
പഴയ ഓടുകൾ നീക്കി ഇരുമ്പു പൈപ്പുകൾകൊണ്ടു മേൽക്കൂരയും പുതിയ തകരഷീറ്റുകളും മേഞ്ഞതിനു പിന്നാലെയാണ് സംഭവം. ഭൂരിഭാഗം ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ജോയപ്പൻ പറഞ്ഞു. ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ഇതുവരെയുള്ള നിർമാണജോലികൾ പൂർത്തിയാക്കിയിട്ടുള്ളത്. എട്ടാം വാർഡിൽ മന്നേലിൽ നോർബർട്ട് സെൽ എന്നയാളുടെ പുരയിടത്തിൽനിന്നിരുന്ന വൃക്ഷങ്ങൾ കടപുഴകി വീണ് വീടിന്റെ ചിലഭാഗങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. വീടിനോടു ചേർന്നുള്ള മതിലും തകർന്നു.
ചെങ്ങന്നൂരിൽ
വ്യാപകനാശം
ചെങ്ങന്നൂർ: കഴിഞ്ഞ രാത്രിയും പകലുമുണ്ടായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകനാശം. വീശിയടിച്ച കാറ്റിൽ വീടുകൾക്കു മുകളിൽ മരവും മരച്ചില്ലകളും വീണതാണ് സർവനാശത്തിനു കാരണം. മുളക്കുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. വെണ്മണി, ആലാ, പാണ്ടനാട്, ചെറിയനാട് പഞ്ചായത്തുകളിലും കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ മറിയുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു.
ലഭ്യമായ കണക്കുകൾ പ്രകാരം മുളക്കുഴയിൽ പത്തിലധികം വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണു. ആലായിൽ നാലും പാണ്ടനാട്ടിൽ മൂന്നും വീടുകളാണ് തകർന്നത്. ആളുകൾ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ മേൽക്കൂര പറന്നുപോകുകയും മതിലിടിയുകയും ചെയ്തിട്ടുണ്ട്. മുളക്കുഴയിൽ കഴിഞ്ഞ ദിവസം പിഐപി കനാൽത്തീരത്തെ വൻമരം കടപുഴകി വീണ് പ്രഗതിവിദ്യാമന്ദിർ സ്കൂളിന്റെ മേൽക്കൂര തകർന്നു.
ഇതിനു പുറമേയാണ് ഇപ്പോഴത്തെ നാശനഷ്ടം. മുളക്കുഴ ഗവ. സ്കൂളിനുസമീപത്തെ പഴയ മാർക്കറ്റിനുസമീപം കല്ലേലിക്കുന്നത്ത് ഷംലാ സലീമിന്റെ വീടിനുമുകളിൽ രണ്ടുസമയങ്ങളിലായി സമീപത്തെ തേക്കുമരങ്ങൾ വീണ് വീട്, കുളിമുറി, തൊഴുത്ത് എന്നിവ തകർന്നു. പൂപ്പൻകരയിൽ പൊന്നമ്മയുടെ വീടിനും നാശമുണ്ടായി. കനാൽ ജംഗ്ഷനുസമീപം നാങ്കുഴ പുത്തൻവീട്ടിൽ സദാശിവന്റെ വീടിനുമുകളിൽ തേക്കുമരം വീണു. കനാൽ ജംഗ്ഷൻ ഭാഗത്ത് കനാലിനരികിലെ കൂറ്റൻ മഹാഗണിമരം കടപുഴകി വീണു.
മുളക്കുഴ തടത്തിൽപ്പടി ഭാഗത്ത് കൂറ്റൻ തേക്കു മരം വൈദ്യുതിലൈനിൽ വീണു. പാണ്ടനാട്ടിൽ ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപത്തിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. ചെറിയനാട് ഇടവങ്കാട് മാമ്പ്ര യിൽ പുളിമരം വീണു വൈദ്യുതിലൈനുകൾ തകർന്നു. 70 പോസ്റ്റുകളൊടിഞ്ഞു.
ചെങ്ങന്നൂർ കെഎസ്ഇബി ഡിവിഷനിൽ പത്ത് എച്ച്ടി പോസ്റ്റുകൾ ഉൾപ്പെടെ എഴുപത് പോസ്റ്റുകളൊടിഞ്ഞു. ഹാച്ചറിയിൽ 33 കെവിയുടെ ടവറിനു മുകളിലേക്കു മരംവീണതിനെ ത്തുടർന്ന് മാന്നാർ സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതിവിതരണത്തെയും ബാധിച്ചു.
കൊല്ലകടവ്, ആലാ ഫീഡറുകളിലൂടെയുള്ള വൈദ്യുതിവിതരണത്തിലും പ്രതിസന്ധിയുണ്ടായി. ഏറ്റവും കൂടുതൽ വൈദ്യുതി പോസ്റ്റുകളൊടിഞ്ഞത് മുളക്കഴ പഞ്ചായത്തിലാണ്. മുളക്കുഴയൊഴിച്ചുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
മേൽക്കൂര തകർന്നു;
വീട്ടമ്മയ്ക്കു പരിക്ക്
പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പുഷ്പഗിരി ബാബുരാജിന്റെ വീട് കാറ്റിൽ പൂർണമായും തകർന്ന് മേൽക്കുര നിലംപതിച്ചു. വീട്ടുകാർക്കു പരുക്ക്. ഇന്നലെ രാത്രി 12 നായിരുന്നു സംഭവം. പരുക്കേറ്റ മാതാവ് പത്മിനി, ഭാര്യ വസന്ത, മകൾ കൃഷ്ണപ്രിയ എന്നിവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് മുല്ലപ്പള്ളി ഹരിഹരന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.
പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് ആന്നലത്തോട് പാലത്തിന് തെക്ക് വശം എംഎൽഎ റോഡിൽ തെങ്ങ് വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലർച്ചേയായിരുന്നു സംഭവം. അരൂരിൽനിന്ന് അഗ്നിശമനസേന എത്തി തെങ്ങ് മുറിച്ചു മാറ്റിയതിനുശേഷമാണ് തടസം നീക്കിയത്. റോഡിന്റെ രണ്ടു വശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.