ചേർത്തലയുടെ വടക്കൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം
1425183
Sunday, May 26, 2024 11:11 PM IST
തുറവൂർ: ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിൽ പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് തുടരുന്നു. ആരോഗ്യ വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി.
പൊതുതോടുകളിലെ മാലിന്യങ്ങളും മത്സ്യ സംസ്കരണ ശാലകളിലെ മാലിന്യങ്ങളും ഒഴുകിപ്പോകാതെ പ്രദേശത്തുതന്നെ കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു. അന്ധകാരനഴി പൊഴിമുഖം പൂർണമായി തുറക്കുവാൻ സാധിക്കാത്തതും പ്രദേശത്തു വെള്ളക്കെട്ട് രൂക്ഷമാകുന്നതിനു കാരണമായിട്ടുണ്ട്.
പ്രദേശങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതരണമോ മറ്റു ആരോഗ്യസുരക്ഷാ പ്രവർത്തനങ്ങളോ ഇതുവരെയും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യാതൊരുവിധ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഒട്ടുമിക്ക കാനകളും മാലിന്യങ്ങൾ നിറഞ്ഞിട്ടും ഇവ ശുദ്ധീകരിക്കുവാനും കെട്ടിക്കിടക്കുന്ന മലിനവെള്ളം കളയുവാനുമുള്ള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.