ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍
1423613
Sunday, May 19, 2024 11:04 PM IST
ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപമായിരുന്നു കൊലപാതകം.
രാജേഷിന്റെ അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായാണ് രാജേഷ് മുങ്ങിയത്.
ശനിയാഴ്ച കടകളിലെ കളക്ഷന്‍ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തര്‍ക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് നല്ല മഴയുള്ളപ്പോഴായിരുന്നു സംഭവം.
കടകളിലെ കളക്ഷന്‍ എടുക്കാന്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി. രാജേഷ് അമ്പിളിയുടെ സ്കൂട്ടര്‍ തടഞ്ഞ ശേഷമാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
സംഭവത്തിനുശേഷം അമ്പിളിയുടെ പണമടങ്ങിയ ബാഗുമായി രാജേഷ് വീട്ടില്‍ പോയ ശേഷമാണ് ഒളിവില്‍ പോയതെന്നു പോലീസ് പറഞ്ഞു. പൈസ വീട്ടില്‍നിന്നും ബാഗ് വീടിന്റെ പുറത്ത് മതില്‍ക്കെട്ടിന്റെ ഒഴിഞ്ഞ സ്ഥലത്തുനിന്നും കുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
പ്രദേശവാസികളുടെ ആക്രമണം ഭയന്ന് രാജേഷിനെ ഹെല്‍മെറ്റ് വച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുവന്നത്. എന്നിട്ടും നാട്ടുകാരായ ചിലര്‍ രോഷാകുലരായി. അമ്പിളിയുടെ മൃതദേഹം അലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ സംസ്കരിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.