കിണറിനുള്ളിൽ അകപ്പെട്ട വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1417470
Friday, April 19, 2024 11:54 PM IST
കായംകുളം: ശുചീകരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് കിണറിനുള്ളിൽ അകപ്പെട്ടയാളെ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. തെങ്ങമം കണ്ണമത്തുവിളയിൽ വീട്ടിൽ വിജയൻപിള്ള ( 65)യെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ താമരക്കുളം പഞ്ചായത്ത് എട്ടാം വാർഡിൽ വിശാഖ് ഭവനത്തിൽ ശ്രീവിശാഖ് എന്നയാളുടെ വീട്ടിലെ ഉദ്ദേശം 35 അടിയിലധികം താഴ്ചയും ആൾമറയുള്ളതുമായ കിണർ വൃത്തിയാക്കുന്നതിനിടയിൽ വിജയൻപിള്ളയ്ക്കു ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് കിണറ്റിനുള്ളിൽ അകപ്പെടുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ കായംകുളം അഗ്നിരക്ഷാസേനയെ അറിയിക്കുകയും കായംകുളം അഗ്നിരക്ഷാ നിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ ജെബിൻ ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മണിയൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, വിശാഖ് എന്നിവർ കിണറ്റിലിറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്താൽ വിജയൻപിള്ളയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ ഇദ്ദേഹത്തിന് കൃത്രിമ ശ്വാസം നൽകി സേനയുടെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.