വീണ വിജയനെ ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് എം.വി. ഗോവിന്ദൻ
1416996
Thursday, April 18, 2024 12:03 AM IST
ആലപ്പുഴ: എക്സാ ലോജിക്കുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡിക്ക് ചോദ്യം ചെയ്യണമെങ്കില് ചെയ്യട്ടെയെന്നും സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്. എക്സാ ലോജിക്കുമായി ബന്ധപ്പെട്ട വിഷയം രണ്ടു കമ്പനികള് തമ്മിലുള്ള തര്ക്കമാണ്. അതിന് ആരെ ചോദ്യം ചെയ്യുന്നതിലും ഞങ്ങള്ക്ക് എതിര്പ്പില്ല. അതിന്റെ പേരും പറഞ്ഞ് പിണറായി വിജയന് എന്ന സിപിഎം നേതാവിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനാണ് നീക്കമെങ്കില് അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗൗരവതരമായ വിഷയങ്ങള് വരുമ്പോള് തനി ആര്എസ്എസ് കാരനെപോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇലക്ടറല് ബോണ്ട് കേസിലെ സുപ്രീംകോടതി വിധിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തില് അദ്ദേഹത്തിന്റെ നിലവാരം വ്യക്തമായെന്നു പറഞ്ഞ ഗോവിന്ദന് മാസ്റ്റര് താഴെതട്ടിലുള്ള ആര്എസ്എസുകാരന്റെ റേഞ്ചേയുള്ളൂ പ്രധാനമന്ത്രിക്കെന്നും പരിഹസിച്ചു.
സ്വര്ണ കള്ളകടത്ത് രാജ്യത്ത് നടക്കുന്നതിന്റെ പൂര്ണ ഉത്തരവാദി പ്രധാന മന്ത്രിയാണ്. എല്ലാം അന്വേഷിക്കേണ്ടത് കേന്ദ്ര സര്ക്കാര് ഏജന്സികളാണ്. അവരാണ് നിയന്ത്രിക്കേണ്ടത്. അത് ചെയ്യാതെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ തലയില് കെട്ടിവക്കാനാണ് ശ്രമിക്കുന്നതെന്നും ഗോവിന്ദന് മാസ്റ്റര് ആരോപിച്ചു.