യുഡിഎഫ് കലാജാഥയ്ക്കിടെ ആക്രമണം; യുഡിഎഫ് -എൽഡിഎഫ് സംഘർഷം
1416541
Monday, April 15, 2024 11:52 PM IST
ആലപ്പുഴ: യുഡിഎഫ് കലാജാഥയ്ക്കിടെ എൽഡിഎഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് പുന്നപ്ര കടപ്പുറത്ത് നടത്തിയ കലാജാഥയ്ക്ക് ഇടയിലാണ് അക്രമമുണ്ടായത്. രണ്ടുദിവസമായി കരുനാഗപ്പള്ളിയിൽനിന്നുള്ള കലാകാരന്മാർ ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കോമഡി കലാമേള അവതരിപ്പിച്ചു വരികയായിരുന്നു.
ഞായറാഴ്ച രാവിലെ അമ്പലപ്പുഴയിൽ കോമഡി ഷോ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സിപിഎം പ്രവർത്തകർ തടഞ്ഞു. ഇതേതുടർന്നു കോൺഗ്രസ് ജില്ലാ നേതൃത്വം അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകുകയും ഇന്നലെ രാവിലെ സർക്കിൾ ഇൻസ്പെക്ടർ സർവകക്ഷിയോഗം വിളിച്ചു കൂട്ടുകയും ചെയ്തു. യാതൊരു കാരണവശാലും ഇത്തരത്തിലുള്ള പരിപാടികൾ തടയാൻ പാടില്ലെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ നിയമപരമായിട്ടുള്ള കാര്യങ്ങൾ നടത്തണമെന്നു സിഐ ആവശ്യപ്പെടുകയും കലാപരിപാടിനടത്തുവാൻ അനുമതി നൽകുകയും ചെയ്തു. ഇതേതുടർന്നാണ് ഇന്നലെ വൈകിട്ട് പുന്നപ്ര കടപ്പുറത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ കലാവിരുന്ന് അവതരിപ്പിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്ന് മൂന്നംഗസംഘം ചാടിവീണ് കലാകാരന്മാരെ ആക്രമിച്ചത്. ഇതേ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
തുടർന്ന് കോൺഗ്രസ് പ്രവർത്തകർ അമ്പലപ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തു .അമ്പലപ്പുഴ എംഎൽഎ ടി എച്ച് സലാമിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെപിസിസി സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തുമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു.