അർത്തുങ്കൽ ഹാർബർ നിർമാണം അട്ടിമറിക്കാൻ ശ്രമം
1416323
Sunday, April 14, 2024 5:00 AM IST
ചേര്‍ത്തല: അർത്തുങ്കൽ ഹാർബർ നിർമാണത്തിനായി കേന്ദ്ര -സംസ്ഥാന വിഹിതമായി അനുവദിച്ച 150.73 കോടി രൂപയുടെ പദ്ധതി നിയമകുരുക്കിൽപ്പെടുത്തി മനഃപൂർവം അട്ടിമറിക്കാൻ ശ്രമിക്കുന്നത് അന്വേഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.
20 വർഷം മുമ്പ് നിർമാണം ആരംഭിച്ച ഹാർബർ ഇപ്പോഴും പൂർത്തിയാകാത്തതില്‍ ജനപ്രതിനിധികൾ കാട്ടുന്നത് തികഞ്ഞ അലംഭാവമാണ്. മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനകരമായ രീതിയിൽ ആദ്യഘട്ടം പുലിമുട്ട് നിർമാണം ആരംഭിക്കേണ്ട പദ്ധതിയിൽ ആദ്യം ഐസ് പ്ലാന്റും ടോയ്ലറ്റ് സമുച്ചയവും നിർമിതിയിൽ ഉൾപ്പെടുത്തുകയും ടെൻണ്ടർ നടപടിക്രമങ്ങളുടെ ഉപാധികളും നിബന്ധനകളും പാലിക്കാത്ത കാരാറുകാരെ ഉൾപ്പെടുത്തി ടെൻണ്ടർ പൊട്ടിക്കുകയും കുറഞ്ഞ തുകയേക്കാൾ കൂടുതൽ തുകയുടെ കരാറുകാരന് കരാർ കൊടുത്ത് നിയമലംഘനം നടത്തിയ ഹാർബർ എൻജിനിയറിംഗ് വകുപ്പ് നടത്തിയത് ഗുരുതരമായ വിഴ്ചയാണ്.
ഇതുസംബന്ധിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പിനു പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ഹാർബറിന്റെ നിർമാണം അനന്തമായി വൈകുന്നത് മൂലം പുന്നപ്ര മുതൽ അന്ധകാരനഴി വരെയുള്ള ആയിരക്കണക്കിന് വള്ളം-വല ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും മത്സ്യത്തൊഴിലാളികൾ തൊഴിൽ മേഖലയിൽ നേരിടുന്ന മാനസിക സംഘർഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യോഗം വിലയിരുത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയില്, ജില്ലാ പ്രസിഡന്റ് രാജു ആശ്രയം എന്നിവര്‍ പ്രസംഗിച്ചു.