സ്കൂൾ അധ്യയനവർഷം അവസാനിക്കാറായി ; യൂണിഫോം അലവൻസ് ഇനിയുമെത്തിയില്ല
1396474
Thursday, February 29, 2024 11:26 PM IST
അമ്പലപ്പുഴ: സ്കൂൾ അധ്യയനവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ വിദ്യാർഥികൾക്കായുള്ള യൂണിഫോം അലവൻസ് ഇനിയുമെത്തിയില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി യൂണിഫോം അലവൻസ് നൽകുന്നതിനും തടസമാകുന്നു.
എയ്ഡഡ് വിദ്യാലയങ്ങളിലെ എൽപി, യുപി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് യൂണിഫോം അലവൻസായി 600 രൂപ നൽകുന്നത്. 400 രൂപ രണ്ടു ജോഡി തുണി വാങ്ങുന്നതിനും 200 രൂപ തയ്യൽക്കൂലിയുമായാണ് നൽകുന്നത്. ഈ അലവൻസ് തുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.
2019- 20 മുതൽ 2024 അധ്യയന വർഷങ്ങളിലായുള്ള അലവൻസാണ് ഇനിയും ലഭിക്കാനുള്ളത്. കോവിഡ് കാലത്തിനുശേഷം സംസ്ഥാനത്ത് ഒരു വിദ്യാലയത്തിലും യൂണിഫോം അലവൻസ് ലഭിച്ചിട്ടില്ല.
ഇതോടെ യൂണിഫോം രക്ഷാകർത്തക്കൾ തന്നെ വാങ്ങി നൽകേണ്ട സ്ഥിതിയായി. മുൻ വർഷങ്ങളിൽ അലവൻസ് അതത് ഗവ. വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർക്ക് കൈമാറിയിരുന്നു. ഈ തുക പിന്നീട് പ്രഥമാധ്യാപകർ രക്ഷാകർത്താക്കൾക്ക് നേരിട്ടോ അക്കൗണ്ടിലോ നൽകുകയായിരുന്നു പതിവ്. ഗവ. വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴു വരെയും എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർഥികൾക്കും സർക്കാർ കൈത്തറിത്തുണി നേരിട്ട് സ്കൂളുകളിലെത്തിക്കുകയാണ്.
എന്നാൽ, എയ്ഡഡ് വിദ്യാലയങ്ങളിലെ 5 മുതൽ 7 വരെ ക്ലാ സുകളിലെ വിദ്യാർഥികൾക്കാണ് ഇനിയും യൂണിഫോം അലവൻസ് ലഭിക്കാനുള്ളത്. യൂണിഫോം അലവൻസിനായി ബജറ്റിൽ തുകയനുവദിക്കാറുണ്ടെങ്കിലും രക്ഷാകർത്താക്കളുടെ കൈകളിൽ ഇനിയും ഈ തുക എത്തിയിട്ടില്ലെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. രാധാകൃഷ്ണ പൈ പറഞ്ഞു.
യൂണിഫോം അലവൻസ് എത്രയും വേഗം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.