ആലുവ സർവമത സമ്മേളനം ലോകത്തിലെതന്നെ ആദ്യത്തേത്: മന്ത്രി പ്രസാദ്
1395974
Tuesday, February 27, 2024 11:35 PM IST
ആലപ്പുഴ: എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ട ുള്ള ലോകത്തെ ആദ്യത്തെ സർവമത സമ്മേളനമാണ് നൂറുവർഷം മുന്‍പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് മന്ത്രി പി. പ്രസാദ്. ആലുവ സർവമത സമ്മേളന ശതാബ്ദി-2024-ന്റെ ഭാഗമായി സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി മാന്നാറിൽ സംഘടിപ്പിച്ച സർവമത കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വർഗീയതയുടെ അന്ധകാരം പടരാൻ അനുവദിക്കരുതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ ശ്യാമശ്രീ കണ്വൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, കേരള യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. എം.എ. സിദ്ദിഖ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരയ ടി.വി. രത്നകുമാരി, പുഷ്പലതാ മധു, വിജയമ്മ ഫിലേന്ദ്രൻ, ശ്രീനാരായണപഠന കേന്ദ്രം ഡയറക്ടർ ഡോ. ശിശുപാലൻ, ചെങ്ങന്നൂർ എസ്എൻഡിപി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനർ സുരേഷ് പരമേശ്വരൻ, സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, കെപിഎംഎസ്. സംസ്ഥാന കമ്മിറ്റി അംഗം പി. ജനാർദനൻ, കേരള ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി. നിശികാന്ത്, ജനറൽ കണ്‍വീനർ അനിൽ പി. ശ്രീരംഗം തുടങ്ങിയവർ പങ്കെടുത്തു.