സുമനസുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ ബിജി യാത്രയായി
1338511
Tuesday, September 26, 2023 11:18 PM IST
അമ്പലപ്പുഴ: സുമനസുകളുടെ സഹായത്തിനു കാത്തുനിൽക്കാതെ ബിജി യാത്രയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കളത്തിൽ അനീഷ് ജോസിന്റെ ഭാര്യ സി.വൈ. ബിജി (33) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രക്താർബുദത്തിനു ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ബിരുധദാരിയായ യുവതി കഴിഞ്ഞ ഓഗസ്റ്റ് 12 മുതൽ ഡോ.വി.പി. ഗംഗാധരന്റെ ചികിത്സയിലായിരുന്നു. വിവിധ ആശുപത്രികളിലായി 10 ലക്ഷത്തിൽ അധികം രൂപയോളം ചികിത്സയ്ക്കു മാത്രം ചെലവായി. ഇതിനിടയിൽ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചു.
ഇതിനെത്തുടർന്ന് നാട്ടുകാർ ചികിത്സയ്ക്കു പണം കണ്ടെത്താൻ ജീവൻ രക്ഷാസമിതി രൂപീകരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 6, 7, 8, 9 വാർഡുകളിൽ ഒക്ടോബർ എട്ടിന് പൊതുപിരിവു നടത്താനിരിക്കുകയാണ് വേദനയുടെ ലോകത്തുനിന്ന് ബിജി വേർപിരിഞ്ഞത്. ഇവർക്ക് രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണുള്ളത്.