സ്കൂട്ടറിലെത്തി മാല പൊട്ടിക്കുന്ന പ്രതി അറസ്റ്റിൽ
1337843
Saturday, September 23, 2023 11:30 PM IST
ചാരുംമൂട്: സ്കൂട്ടറിൽ എത്തി വൃദ്ധരായ സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്ന പ്രതി അറസ്റ്റിൽ. കരുന്നാഗപ്പള്ളി തൊടിയൂർ വടക്ക് മുറിയിൽ പൈതൃകം വീട്ടിൽ ബിജു (48)വിനെയാണ് നൂറനാട് സിഐ പി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നുമാസമായി നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം മൂന്നു സംഭവങ്ങളാണ് ഉണ്ടായത്. പടനിലം നടുവിലെമുറി സൂര്യാലയത്തിൽ ചന്ദ്രിക(72)ദേവിയുടെ 20 ഗ്രാം വരുന്ന സ്വർണമാല ആണ് പ്രതി പൊട്ടിച്ചെടുത്തത്.
ഒരു മാസം മുമ്പ് വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ നൂറനാട് പുലിമേൽ ലളിതാഭവനം ലളിത (68)യുടെ 15 ഗ്രാം വരുന്ന സ്വർണ്ണ മാലയും കഴിഞ്ഞ ദിവസം വൈകിട്ട് വീടിനു മുൻ വശത്തെ റോഡിൽ നിന്നിരുന്നപാലമേൽ പള്ളിക്കൽ മുറിയിൽ ചാത്തോത്ത് വീട്ടിൽ സരോജിനി (90)യുടെ ആറു ഗ്രാം വരുന്ന സ്വർണമാലയും പ്രതി പൊട്ടിച്ചെടുത്തിരുന്നു.
ആദ്യ രണ്ട് സംഭവങ്ങളെയുംതുടർന്ന് പോലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജിത അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായതെന്ന് സിഐ പി. ശ്രീജിത്ത് പറഞ്ഞു.
ഇയാൾ ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രണ്ട് കേസുകളിൽ പിടിയിലാവുകയും ശിക്ഷ അനുഭവിച്ച ശേഷം മൂന്നു മാസം മുമ്പാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.
ശൂരനാട്ട് മറ്റൊരു രീതിയാണ് പ്രതി സ്വീകരിച്ചിരുന്നത്. ബസ് കാത്തു നിൽക്കുന്ന പ്രായമുള്ള സ്ത്രീകളെ വീട്ടിലാക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റുകയും വിജനമായ സ്ഥലം എത്തുമ്പോൾ ഇവരെ ഇറക്കിയ ശേഷം ബലമായി മാല പൊട്ടിച്ചെടുക്കയുമാണ് ചെയ്തിരുന്നത്. നൂറനാട്ട് വൃദ്ധയായ സ്ത്രീകളുടെ അടുത്തെത്തി ആരുടെയെങ്കിലും വിലാസം ചോദിക്കുകയും ഇതിനിടെ മാലപൊട്ടിച്ചെടുക്കുകയുമായിരുന്നു രീതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്ഐ നിധീഷ്, സിപിഒമാരായ സിനു വർഗീസ്, രജീഷ്, ജയേഷ്, വിഷ്ണു, പ്രവീൺ, കലേഷ്, ജംഷാദ് മനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.