നിസഹായാവസ്ഥയിൽ ഭിന്നശേഷി കുടുംബം; കരാറുകാരൻ മുങ്ങി
1337588
Friday, September 22, 2023 10:57 PM IST
മാന്നാർ: സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പലയിടങ്ങളിൽനിന്നായി കടം വാങ്ങിയതും ഉള്ള സ്വർണം വിറ്റും സ്വരൂപിച്ച് നൽകിയ പണവുമായി കരാറുകാരൻ മുങ്ങിയെന്ന പരാതിയുമായി ഭിന്നശേഷി കുടുംബം.
മാന്നാർ പഞ്ചായത്ത് 13-ാം വാർഡിൽ കുട്ടമ്പേരൂർ ആനമുടിയിൽ ഭിന്നശേഷിക്കാരിയായ മഞ്ജു പി. മോഹൻ(40) കരാറുകാരനായ ചെട്ടികുളങ്ങര കണ്ണമംഗലം കോയിൽതറയിൽ കെ.എൻ. രാജേഷ് നായർക്കെതിരേയാണ് ഇത്തരത്തിൽ മാന്നാർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഭിന്നശേഷി യുവാവായ ഏക മകൻ അഭിൻദേവും വൃദ്ധമാതാവ് പൊന്നമ്മയും മാത്രമാണ് മഞ്ജുവിനൊപ്പമുള്ളത്. ഇളയ സഹോദരിക്ക് മാതാവ് നൽകിയ വീട്ടിലാണ് മഞ്ജുവും കുടുംബവും താമസിക്കുന്നത്. ഏത് സമയവും അവിടെനിന്നു ഇറങ്ങേണ്ട സ്ഥിതിയിലാണ് ഈ കുടുംബം.
ഭിന്നശേഷിക്കാരിയായ അമ്മയും മകനുമടങ്ങിയ കുടുംബത്തിന് 2023 ജൂണിലാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചത്. എട്ടു സെന്റു വസ്തുവിൽ മുമ്പ് നിർമിച്ചിട്ടിരുന്ന ഫൗണ്ടേഷനിൽ രണ്ടു കിടപ്പ്മുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവ അടങ്ങിയ വീടിന്റെ നിർമാണത്തിന് പഞ്ചായത്തിന്റെ നാലു ലക്ഷം ഉൾപ്പെടെ 8,40, രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് ചെട്ടികുളങ്ങര സ്വദേശി രാജേഷുമായി കരാർ ഒപ്പിട്ടത്.
പഞ്ചായത്തിൽനിന്നും ആദ്യ ഗഡു 40,000 രുപ ലഭിക്കുകയും തുടർന്ന് കെട്ടിടം പണി തുടങ്ങുകയും ഭിത്തികെട്ടി ഷെയ്ഡ് വാർക്കാനായി തട്ടടിക്കുകയും ചെയ്തു. അതിനുള്ളിൽ നാലുലക്ഷം രൂപ നാലു തവണകളായി കരാറുകാരൻ വാങ്ങുകയും ചെയ്തു. പിന്നീട് കരാറുകാരനെ വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫാണ്. അന്വേഷിച്ച് ചെട്ടിക്കുളങ്ങരയിൽ ചെന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. മറ്റ് മാർഗങ്ങളൊന്നും ഇല്ലാഞ്ഞതിനെത്തുടർന്നാണ് ഇവർ മാന്നാർ പോലീസിൽ പരാതി നൽകിയത്.