ചേര്‍ത്തല നഗരസഭയുടെ ബീറ്റ് ദ പ്ലാസ്റ്റിക് നിശ്ചല ദൃശ്യം ശ്രദ്ധേയമാകുന്നു
1336786
Tuesday, September 19, 2023 10:47 PM IST
ചേര്‍ത്തല: ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടിന്റെ ഭാഗമായി ചേര്‍ത്തല നഗരസഭ ഒരുക്കിയ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഇൻസ്റ്റലേഷൻ നിശ്ചല ദൃശ്യം ശ്രദ്ധേയമാകുന്നു. നഗരസഭ ടൗൺഹാളിന് മുൻവശത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിലാണ് അരലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് പ്ലാസ്റ്റിക് തിന്ന് ചത്ത് മലർന്നുകിടക്കുന്ന രീതിയിലുള്ള മത്സ്യ ശില്പം ഒരുക്കിയിട്ടുള്ളത്.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരത വിളിച്ചോതുന്ന ശില്പം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. രാജേഷ് പാതിരപ്പള്ളിയാണ് ശില്പം നിർമിച്ചത്. നഗരസഭാ ഹരിത കർമസേന വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ചതാണ് കുപ്പികൾ. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അനാവരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. രഞ്ജിത്ത്, മാധുരി സാബു, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ പുഷ്പ കുമാർ, എം.എ. സാജു, അനൂപ് ചാക്കോ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ. പ്രകാശൻ, മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്ത്, ക്ലീൻ സിറ്റി മാനേജർ എസ്. സുദീപ്, സ്റ്റാലിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.