തഴപ്പാട്ടിലൂടെ നാടറിഞ്ഞ ഓണാട്ടുകരയുടെ കലാകാരി സാവിത്രിയമ്മ ഇനി ഓർമ്മ
1336318
Sunday, September 17, 2023 11:03 PM IST
കായംകുളം: കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ തൊഴിലാളികളുടെ ജീവിതങ്ങളുടെ കഥപറയുന്ന തഴപ്പാട്ടിലൂടെ നാടറിഞ്ഞ ഓണാട്ടുകരയുടെ കലാകാരി കായംകുളം പുതുപ്പള്ളി വള്ളി തെക്കേതിൽ സാവിത്രിയമ്മ(87)യ്ക്ക് വൻ ജനാവലിയുടെ അന്ത്യാഞ്ജലികളോടെ നാട് വിട ചൊല്ലി. തഴപ്പായ തൊഴിലാളികളുടെ ജീവിതങ്ങളുടെ കഥപറയുന്ന അനി മങ്കിന്റെ "നെയ്തെടുത്ത ജീവിതങ്ങൾ " എന്ന ഡോക്യുമെന്ററിയിൽ തഴപ്പാട്ട് പാടിയാണ് സാവിത്രിയമ്മയെ നാടറിഞ്ഞത്.
നാടകം, കഥാപ്രസംഗം, ആൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ് എന്നീ നിലയിൽ ഏഴ് പതിറ്റാണ്ട് കാലം കലാജീവിതത്തിൽ നിറഞ്ഞ് നിന്നിരുന്ന കലാകാരിയായിരുന്നു സാവിത്രിയമ്മ. തന്റെ ഒമ്പതാം വയസിൽ കല്യാണ മംഗളാശംസയും ഈശ്വര പ്രാർഥനയുമായിട്ടാണ് കലാജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ പാർട്ടി ഗാനങ്ങൾ വലിയ ഉച്ചത്തിൽ ആലപിച്ചും ശ്രദ്ധേയയായി.
സൗണ്ട് സിസ്റ്റം ഇല്ലാത്ത കാലത്ത് എല്ലാവരും കേൾക്കാനും കാണാനും പാകത്തിൽ ഒരു വലിയ ഡസ്ക്കിന് മുകളിൽ സ്റ്റൂളിട്ട് നിന്നായിരുന്നു അക്കാലത്ത് ഗാനങ്ങൾ ആലപിച്ചിരുന്നത് . പിന്നീട് നഷ്ടക്കച്ചവടം എന്ന നാടകത്തിലൂടെ നാടക രംഗത്ത് സജീവമായി. ചത്തിയറ തങ്കപ്പൻ പിള്ളയുടെ നാടക ഗ്രൂപ്പിൽ നിന്ന് തുടങ്ങി പല പ്രമുഖരുടെയും നാടത്തിലഭിനയിച്ചു. കാൽ നൂറ്റാണ്ട് നീണ്ടുനിന്ന നാടക ജീവിതത്തിനിടയിൽ കഥാ പ്രസംഗ രംഗത്തും സജീവമായി. പിന്നീട് സ്വന്തമായി കഥാപ്രസംഗ ട്രൂപ്പ് നടത്തി. ഭൂമിയിലെ മാലാഖ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. കെപിഎസിയുടെ യുടെ നാടകമായ ശംഖ് നാദം എന്ന നാടകത്തിൽ അഭിനയിക്കാനും അവസരം ലഭിച്ചു.
ഭാഗവത പരായണ മേഖലയിലേക്ക് പൂർണമായും മാറിയപ്പോൾ കേരളം മുഴുവൻ ആ ശബ്ദത്തിന്റെ മാധ്യര്യം തിരച്ചറിഞ്ഞു. ഓൾ ഇന്ത്യാ റേഡിയോയിലൂടെ ഭാഗവത പാരായണം ലോകത്തെ കേൾപ്പിക്കാൻ സാവിത്രിയമ്മക്ക് അവസരം കിട്ടി . ഒരു വർഷത്തോളം റേഡിയോയിലൂടെ ആ ശബ്ദം ശ്രോതാക്കൾ കേട്ടു. ഭാഗവതം കാണാതെ പാരായണം ചെയ്യുമായിരുന്നു.
സംസ്കാരം ഇന്നലെ ഉച്ചക്ക് വീട്ടുവളപ്പിൽ നടന്നു. യു പ്രതിഭ എംഎൽഎ, ഓണാട്ടുകരയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ, കലാകാരന്മാർ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.കായംകുളം പുതുപ്പള്ളി വള്ളിതെക്കതിൽ ശങ്കരന്റെയും കുഞ്ഞിപ്പെണ്ണിന്റെയും എട്ടാമത്തെ മകളാണ് സാവിത്രിയമ്മ. ഘടം, ഗഞ്ചിറ കലാകാരനായ പരേതനായ ശിവരാമനാണ് ഭർത്താവ്. മക്കൾ: കമലാസനൻ, വിഷ്ണുദാസ്, വിനോദിനി, വിലോചനൻ, പരേതനായ വിനായകൻ.