മാന്നാറിലെ ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തിയിട്ട് ഒരു മാസം
1336316
Sunday, September 17, 2023 11:00 PM IST
മാന്നാർ: മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തിയിട്ട് ഒരുമാസം പിന്നിടുന്നു. മാന്നാർ മുട്ടേൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷനുസമീപം കുടുംബശ്രീ നേതൃത്വത്തിലാണ് ജനകീയ ഹോട്ടൽ നടത്തിവന്നിരുന്നത്. ഹോട്ടൽ നിർത്തിയ വിവരംപഞ്ചായത്ത് ഭരണസമിതി അറിഞ്ഞത് വളരെ വൈകിയാണ്.
നടത്തിപ്പുകാർക്ക് 1.50 ലക്ഷത്തിൽപരം രൂപ കൊടുക്കാനുള്ള കാരണത്താലാണ് പ്രവർത്തനം നിലച്ചത്. മിനി സിവിൽ സ്റ്റേഷനു സമീപം പഞ്ചായത്ത് കെട്ടിടത്തിൽ വാടക വാങ്ങാതെയാണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കറന്റ് ചാർജും വെള്ളവും പഞ്ചായത്ത് ആണ് നൽകിയിരുന്നത്.
വൻതുക കുടിശിക ആയതുകൊണ്ടു മുന്നോട്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടുംബശ്രീയുടെ ഉത്തരവാദിത്തപ്പെട്ടവർ ഇതിൽനിന്നു പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ പിൻവാങ്ങിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരാണ് എല്ലാ പഞ്ചായത്തുകളിലും ജനകീയഹോട്ടൽ ആരംഭിച്ചത്. തുടക്കത്തിൽ 20 രൂപക്ക് ഉച്ചയൂണ് ലഭിച്ചിരുന്നു. പിന്നീട് 30 രൂപയാക്കി ഉയർത്തി. സർക്കാർ സബ്സിഡിയിൽ പ്രവർത്തിച്ചിരുന്ന ഇത്തരം ഹോട്ടലുകളിൽ വൻ തിരക്കുമായിരുന്നു.
സാധാരണക്കാരായ കുടുംബശ്രീ വനിതകൾ നടത്തിയിരുന്ന ഇത്തരം ഹോട്ടലുകളിൽനിന്ന് ഇവർ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ വേതനം ലഭിച്ചിരുന്നില്ല. എങ്കിൽപോലും എല്ലാം സഹിച്ചു നടത്തിക്കൊണ്ടു പോകുന്നതിനിടയിൽ സാമ്പത്തിക ബാധ്യത കൂടിയെത്തിയതോടെ പല സ്ഥലങ്ങളിലും ഇത് നിർത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോഴാണ് മാന്നാറിലെ ഹോട്ടലും ആരും അറിയാതെ ഇവർ പൂട്ടിയത്. കഴിഞ്ഞ ദിവസംചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് അജണ്ടയിൽ ഉൾപ്പെടുത്തി വിഷയം കൊണ്ടുവന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ജനകീയ ഹോട്ടൽ അടച്ചുപൂട്ടുവാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം പറഞ്ഞു.
ആരോപണം തെറ്റാണെന്ന്
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി
മാന്നാർ: പഞ്ചായത്തിലെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നില്ല എന്ന കാര്യം പഞ്ചായത്ത് ഭരണസമിതി അറിഞ്ഞില്ലെന്ന യുഡിഎഫ് ആരോപണം തെറ്റാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി. ഭരണസമിതിയെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വിവരം നേരിട്ട് അറിയിച്ചതാണ്. അതുകൊണ്ടാണ് കമ്മറ്റിയിൽ അജണ്ടയിൽ ഈ വിഷയം എടുത്തിട്ടുള്ളത് . ശാരീരികമായി അസ്വസ്ഥത ഉള്ളതു കൊണ്ടാണ് അവർക്ക് ഹോട്ടലിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തത് എന്നാണ് അറിയിച്ചിട്ടുള്ളത്.
വിവരം രേഖാമൂലം ഭരണസമിതിയെ അറിയിക്കാൻ ആവശ്യപ്പെടുകയും അടിയന്തിരമായി ജനകീയ ഹോട്ടൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർത്ത് താൽപര്യമുള്ള യൂണിറ്റിനെകൊണ്ട് ഹോട്ടൽ തുടങ്ങുന്നതിനുള്ള നടപടി എടുക്കാമെന്ന് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമാവുകയും ചെയ്തിട്ടുള്ളതാണ്. പലപ്പോഴും മൂന്നുനാലു മാസം കൂടിയിരിക്കുമ്പോഴാണ് സബ്സിഡി തുക ലഭിക്കുന്നത്. ഇതുവരെ നല്ല രീതിയിൽ തന്നെയാണ് ഈ ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും പുതിയ ടീം ഉടൻ ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ടി.വി. രത്നകുമാരി പറഞ്ഞു.