ഓൾ സ്റ്റാർ ചാരിറ്റി സെവൻസ് ടൂർണമെന്റ് നാളെ
1301419
Friday, June 9, 2023 11:12 PM IST
ആലപ്പുഴ: ഓൾ സ്റ്റാർ ചാരിറ്റി സെവൻസ് ടൂർണമെന്റ് മാരാരിക്കുളം പ്രീതികുളങ്ങര സ്റ്റേഡിയത്തിൽ നാളെ നടക്കും. കേരളത്തിലെ പ്രഗത്ഭരായ പ്രഫഷണൽ ഫുട്ബോൾ താരങ്ങളെ അണിനിരത്തിയുള്ള മത്സരം പഴയകാല പ്രഫഷണൽ ഫുട്ബോൾ കളിക്കാരിൽ അവശത അനുഭവിക്കുന്നവർക്കു സഹായം നൽകുന്നതിനു വേണ്ടിയാണ്. വൈകുന്നേരം ഏഴു മുതലാണ് മത്സരം.
കേരളത്തിലെ 20 യുട്യൂബർമാരും ഇതിൽ പങ്കാളികളാകുന്നു. പ്രഫഷണൽ താരങ്ങളുടെ മത്സരത്തിനു മുന്നോടിയായി യൂ ട്യൂബർമാരുടെ സെവൻസ് ഫുട്ബോൾ മത്സരം നടക്കും.
ഐഎസ്എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി ടൂർണമെന്റുകളിലെ മുൻ കളിക്കാരും ഇപ്പോൾ കളിക്കുന്നവരും മത്സരത്തിനിറങ്ങും. മുഹമ്മദ് റാഫി, അനസ് എടത്തൊടിക, സി.കെ. വിനീത്, ആഷിക് ഉസ്മാൻ, എൻ.പി. പ്രദീപ്, സുശാന്ത് മാത്യു, ആസിഫ് കോട്ടയിൽ, പ്രശാന്ത്, ലിയോൺ അഗസ്റ്റിൻ, മഷൂർ ഷെരീഫ്, വി.പി. സുഹൈർ, അബ്ദുൽ റബിഹ്, മുഹമ്മദ് ഇർഷാദ് തുടങ്ങി ഐഎസ്എൽ മത്സരങ്ങളിലെ മിന്നുംതാരം രാഹുൽ അടക്കമുള്ളവരും മത്സരത്തിൽ പങ്കെടുക്കും.
എ.എം. ആരിഫ് എംപി, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ അതിഥികളായി പങ്കെടുക്കും.
മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് പങ്കെടുക്കുന്ന യൂട്യൂബർമാരുടെ സോഷ്യൽ മീഡിയ ഹാൻഡിൽവഴി കാണാനുള്ള അവസരം ഉണ്ടാകും. സ്ട്രീമിംഗി ൽനിന്നു ലഭിക്കുന്ന വരുമാനം അർഹരായ മുൻകാല താരങ്ങൾക്ക് നൽകുന്നതാണ്.