മത്സ്യബന്ധന ബോട്ടുകൾ കരയ്ക്കടുത്തു
1301415
Friday, June 9, 2023 11:12 PM IST
അമ്പലപ്പുഴ: നീണ്ട 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ജില്ലയുടെ തീരത്തുള്ള നൂറോളം മത്സ്യബന്ധന ബോട്ടുകൾ ഇന്നലെ അർധരാത്രിയോടെ കരയ്ക്കടുത്തു. ജൂലൈ 31 വരെയാണ് നിരോധനം. തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തിയിരുന്ന കൂറ്റൻ ബോട്ടുകൾക്കാണു നിരോധനം. ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും നിരോധനം ബാധകമല്ല.
ജില്ലയിൽ ഏകദേശം ചെറുതും വലുതുമായ നാലായിരത്തോളം വള്ളങ്ങളുണ്ടെന്നാണ് കണക്ക്. കടൽ ശാന്തമായാൽ ഈ യാനങ്ങൾ മത്സ്യബന്ധനത്തിനിറങ്ങും. വള്ളങ്ങൾ കൂടാതെ ഒരാൾ കയറുന്ന നൂറുകണക്കിന് പൊന്തുകളും ജില്ലയുടെ തീരങ്ങളിൽ ഉണ്ട്.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യക്കൊയ്ത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
ബോട്ടുകൾ മത്സ്യബന്ധനം നിർത്തുന്ന സമയത്ത് വള്ളങ്ങൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില കിട്ടുമെന്നുള്ളതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. ട്രോളിംഗ് നിരോധന കാലയളവ് അവസാനിക്കുന്നതിനു മുമ്പ് ചാകര തെളിയണമെന്നുള്ളതാണ് വള്ളത്തിലെ തൊഴിലാളികളുടെ പ്രാർഥന. ചാകര സീസണിലെ പ്രധാന ഇനമായ നാരൻ ചെമ്മീൻ, അയല, വലിയ മത്തി തുടങ്ങിയവ സുലഭമായി ലഭിച്ചാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്കു പ്രയോജനമുള്ളു.
അതേസമയം നാളുകളായി പ്രതീക്ഷയ്ക്കൊത്ത് ചെമ്മീൻ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വളർച്ച പൂർത്തിയാകാത്ത മത്തി, അയല എന്നിവയെ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാലവർഷം ശക്തമായതിനാൽ ജില്ലയുടെ തീരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.