അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണം ഊർജിതമാക്കണമെന്ന് ബന്ധുക്കൾ
1300391
Monday, June 5, 2023 11:17 PM IST
ആലപ്പുഴ: ചികിത്സാപ്പിഴവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ ഇന്നു മതുൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആറുമാസമായിട്ടും നീതി ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. 2022 ഡിസംബർ ആറിന് കൈനകരി കുട്ടമംഗലം കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്ണയും (21) നവജാത ശിശുവുമാണ് മരിച്ചത്.
ഡോക്ടറുടെ ചികിത്സാപിഴവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഫോറൻസിക് റിപ്പോർട്ട് കിട്ടാത്തതാണ് അന്വേഷണം നീളുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ അമ്പലപ്പുഴ ഡിവൈഎസ്പിയുടെ മറുപടി. ഡിപ്പാർട്ടുമെന്റ്തല അന്വേഷണവും ഏങ്ങുമെത്തിയിട്ടില്ല. ചികിത്സാകാലയളവിൽ മറ്റ് അസുഖങ്ങൾ ഇല്ലാതിരുന്ന അപർണയുടെ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല. ആരോപണവിധേയനായ ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് അപർ ണയുടെ ഭർത്താവ് രാംജിത്ത്, അപർണയുടെ അച്ഛൻ അജിമോൻ, അമ്മ സുനിമോൾ എന്നിവരടങ്ങുന്ന ബന്ധുക്കൾ ഇന്നുമുതൽ സമരം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ ബന്ധു ബി.കെ. വിനോദ്, രാംജിത്ത് എന്നിവർ പങ്കെടുത്തു.