അപകടമേഖലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം: പ്രതിഷേധം ശക്തമാവുന്നു
1300128
Sunday, June 4, 2023 11:23 PM IST
മാങ്കാംകുഴി: മാങ്കാംകുഴി ജംഗ്ഷനിൽ അപകട മേഖലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ബഗോറ കമ്പനിക്കാണ് പന്തളം - മാവേലിക്കര റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി മാവേലിക്കരക്കും വെട്ടിയാറിനും ഇടയിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത് അശാസ്ത്രീയ മായിട്ടാണന്ന് പരാതി വ്യാപകമാണ്. ബഗോറ എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് . തിരക്കേറിയ മാങ്കാംകുഴി ജംഗ്ഷനിൽ പന്തളം ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് അപകട സാധ്യത കൂടുതലുള്ള ഭാഗത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത് അശാസ്ത്രീയമായിട്ടാണന്നാണ് പരാതി ഉയരുന്നത്.
മുമ്പ് ജംഗ്ഷനിൽ അപകടം വർധിച്ചതിനെ തുടർന്ന് ബസ് സറ്റോപ്പ് പുനക്രമീകരിച്ചിരുന്നു. അങ്ങനെയാണ് പടിഞ്ഞാറ് ഭാഗത്ത് ഓട്ടോ സ്റ്റാന്റിലുണ്ടായിരുന്ന ബസ് സ്റ്റോപ്പ് സപ്ലൈകോയ്ക്ക് സമീപത്തേക്ക് മാറ്റിയതും അവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതും.
കിഴക്ക് ഭാഗത്ത് ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറിയാണ് ബസ് സ്റ്റോപ്പ് പുനക്രമീകരിച്ചത്. എന്നാൽ ആദ്യമൊക്കെ ബസ്സുകൾ ഇത് കൃത്യമായി പാലിക്കുകയും പുനക്രമീകരിച്ച സ്ഥലത്ത് യാത്രക്കാരെ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മിക്ക ബസുകളും ജംഗ്ഷനിൽ തന്നെ അപകട സാധ്യതയേറിയ സ്ഥലത്ത് തന്നെ ബസുകൾ നിർത്താൻ തുടങ്ങി.
ഈ സ്ഥലത്താണ് ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം വ്യാപകമാവുന്നത് . കൂടാതെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അടയാളപ്പെടുത്തി നൽകിയിരിക്കുന്ന സ്ഥലത്തിന് മധ്യത്തിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം.
മാത്രമല്ല ഇവിടെ റോഡിന് വീതിയും കുറവാണ്. ജംഗ്ഷനിലെ അപകട മേഖലയിൽ നിന്നും ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് കേരള പൗരാവകാശ വേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ആവശ്യപ്പെട്ടു.