ആലപ്പുഴ നഗരത്തിൽ ഇന്ന് സംയുക്ത കുരിശിന്റെവഴി
1283236
Saturday, April 1, 2023 10:56 PM IST
ആലപ്പുഴ: നഗരത്തിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് കുരിശിന്റെവഴി നടത്തും. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ നിന്ന് വൈകിട്ട് നാലിന് ആരംഭിച്ച് പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളിയിൽ സമാപിക്കും. കോൺവെന്റ് സ്ക്വയർ, വഴിച്ചേരി ജങ്ഷൻ, മാർക്കറ്റ് റോഡ് ഇരുമ്പുപാലം, സീറോ ജംഗ്ഷൻ, കല്ലുപാലം വഴിയാണ് കുരിശിന്റെ വഴി പഴവങ്ങാടി പള്ളിയിലെത്തുന്നത്.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കത്തീഡ്രൽ പള്ളിയിൽ ആമുഖ സന്ദേശവും പഴവങ്ങാടി പള്ളിയിൽ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ സമാപന സന്ദേശവും നൽകും.
മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ. ജോസ് ലാഡ് കോയിൽപറമ്പിൽ, മാർസ്ലീവാ ഫൊറോന പള്ളി വികാരി ഫാ.സിറിയക് കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
ആലപ്പുഴ നഗരത്തിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര വിഭാഗങ്ങളിലെ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.