ഇസ്തിരിപ്പെട്ടിയില്നിന്നു വൈദ്യുതി ആഘാതം ഏല്ക്കാതിരിക്കാന് ബൈജുവിന്റെ നൂതന ഉപകരണം
1264903
Saturday, February 4, 2023 11:21 PM IST
ചേര്ത്തല: ഇസ്തിരിപ്പെട്ടിയില്നിന്നു വൈദ്യുത ആഘാതം ഏല്ക്കാതിരിക്കാന് കെഎസ്ഇബി എന്ജിനിയര് ബൈജുവിന്റെ പുതിയ ഉപകരണം സ്മാർട്ട് ഇ-പ്ലഗ് ശ്രദ്ധേയമാകുന്നു. വൈദ്യുതി ആഘാതം ഏല്ക്കുന്ന സമയംതന്നെ ഇസ്തിരിപ്പെട്ടിയിലേക്കുള്ള വൈദ്യുതി ഓട്ടോമാറ്റിക്കായി ഓഫായിപ്പോകുന്ന ഉപകരണമാണിത്.
സാധാരണ ഇസ്തിരിപ്പെട്ടിക്ക് ഉള്ളിൽത്തന്നെ പ്രത്യേക സെൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഷട്ട്ഓഫ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വിപണിയിൽ ഇവയ്ക്ക് വിലക്കൂടുലാണ്. കൂടാതെ ഓട്ടോമാറ്റിക് സെൻസർ പ്രവർത്തിക്കുന്നതിനുവേണ്ടി മുഴുവൻ സമയവും വൈദ്യുതി ചെലവാക്കുമെന്ന പോരായ്മയുമുണ്ട്. എന്നാല് ഇതിന് പരിഹാരമാണ് ബൈജുവിന്റെ സ്മാർട്ട് ഇ-പ്ലഗ് ഉപകരണം.
നിലവിലെ സ്വിച്ച് ബോർഡിലെ സോക്കറ്റിനും ഇലക്ട്രിക്ക് അയണിനും ഇടയിൽ അനായാസം ഘടിപ്പിക്കാവുന്ന പ്ലഗ് സോക്കറ്റ് ആയാണ് സ്മാർട്ട് ഇ- പ്ലഗ് രൂപ കല്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതുതരം ഇലക്ട്രിക് അയണുകളും കൂടുതൽ സുരക്ഷയോടെ പ്രവര്ത്തിക്കും.
അയൺ പ്രവർത്തിപ്പിക്കുന്ന ആൾ അതിനു സമീപത്തുനിന്ന് നിശ്ചിത സമയത്തിൽ കൂടുതൽ മാറിനിന്നാൽ ഇതിലെ സെൻസർ അത് മനസിലാക്കി അയൺ പ്ലഗിലേയ്ക്കുള്ള വൈദ്യുതി ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യും. വീണ്ടും ആവശ്യം വന്നാൽ ഇതിലുള്ള സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ മാത്രമേ വീണ്ടും പ്ലഗ് ഓൺ ആകൂ. ഇടയ്ക്ക് വൈദ്യുതി നിലച്ച് പിന്നീട് വീണ്ടും വൈദ്യുതി വന്നാലും സ്റ്റാർട്ട് ബട്ടൺ ഉപയോഗിക്കാതെ ഇത് സ്വയം ഓണാകില്ല എന്ന മെച്ചവും ഉണ്ട്. 400 രൂപയിൽതാഴെ മാത്രമാണ് ഇതിന്റെ നിർമാണച്ചെലവ്.
കെഎസ്ഇബിയുടെ ചേർത്തലയിലുള്ള ഇന്നവേഷൻ യൂണിറ്റിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് എൻജിനിയർ ആണ് പട്ടണക്കാട് വിസ്മയം വീട്ടില് കെ.സി. ബൈജു. സർക്കാർ അവാർഡുകൾ ഉൾപ്പെടെ അമ്പതോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ കവിതകളും ഗാനങ്ങളും രചിക്കുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. ഭാര്യ അശ്വതി വൈക്കം ആശ്രമം സ്കൂൾ അധ്യാപിക. മകൻ അക്ഷയ് ബൈജു ചേർത്തല എന്ജിനിയറിംഗ് കോളജിൽ കംപ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർഥിയാണ്.