പന്നിയെ ഭയന്നു നാട്ടിലിറങ്ങാനാകുന്നില്ല
1549534
Tuesday, May 13, 2025 5:16 PM IST
റാന്നി: റാന്നി വനം റേഞ്ചിന്റെ പരിധിയിലെ ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം വർധിച്ചു. കാർഷിക വിളകൾക്ക് നാശം വരുത്തുക മാത്രമല്ല, സമീപ പ്രദേശങ്ങളിലെ റോഡുകളിൽ ചാലു കീറി നശിപ്പിക്കുകയും റോഡിലൂടെയുള്ള യാത്രക്കാരെ ആക്രമിക്കുന്നതും പതിവായി. മധ്യവേനൽ അവധിക്കുശേഷം സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കാട്ടുപന്നിയുടെ വിളയാട്ടം രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു. സ്കൂൾ കുട്ടികളെ റോഡിലേക്ക് ഇറക്കാൻ തന്നെ ഭയമായി തുടങ്ങി.
ചെത്തോങ്കര - അത്തിക്കയം റോഡിലെ കരികുളം മുതൽ കണ്ണംപള്ളി സ്കൂൾ ഭാഗം പട്ടാപ്പകലും കാട്ടുപന്നി വിളയാട്ടമാണ്. മന്ദമരുതി,നീരാട്ടുകാവ്, കക്കുടിമൺ പ്രദേശങ്ങളിലും പന്നിയെ ഭയന്ന് നാട്ടുകാർക്ക് ജീവിക്കാനാകാത്ത സാഹചര്യമാണ്.
കണ്ണംപള്ളി സ്കൂൾ കോൺവന്റ്, സെന്റ് മേരീസ് പള്ളി റോഡിലും പരിസരങ്ങളിലും രാത്രിയിലും പുലർച്ചെയും കാട്ടുപന്നികൾ യഥേഷ്ടം വിഹരിക്കുന്നുണ്ട്. പള്ളിയിലേക്കും കോൺവന്റിലേക്കുമുള്ള കോൺക്രീറ്റ് റോഡിന്റെ ഇരുവശവും കാട്ടുപന്നികൾകുത്തി നശിപ്പിക്കുകയാണ്.
കാടുകയറിയ പുരയിടങ്ങളാണ് കാട്ടുപന്നിയുടെ താവളം. പന്നിയെ ഭയന്നു കൃഷി ഉപേക്ഷിച്ചതോടെയാണ് പുരയിടങ്ങൾ കാടുകയറിയത്.
ഭാഗത്ത് ആളനക്കമില്ലാത്തതും കാടുകളയാത്തതുമായ ചില പുരയിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ വിഹരിക്കുന്നത്. പ്രദേശത്തെ മുഴുവൻ കർഷകരുടെയും വിളകൾക്ക് സ്ഥിരം നാശം വരുത്തുകയാണ പന്നികൾ. റാന്നി വനം റേഞ്ചിനു കീഴിലുള്ള കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഈ ഭാഗങ്ങളിൽ നിന്ന് അര കിലോമീറ്ററിലേറെ ദൂരമില്ല. കക്കുടുമൺ ജംഗ്ഷനു സമീപമുള്ള ഓഫീസിൽ മുഴുവൻ സമയവും ജീവനക്കാരുണ്ട്.
എന്നാൽ നാട്ടുകാരുടെ പരാതികൾ ദിനംതോറും ഏറുകയാണെങ്കിലും വർധിച്ചുവരുന്ന പന്നിശല്യത്തിനെതിരേ യാതൊരു നടപടികളുമുണ്ടാവുന്നില്ല. ശല്യക്കാരായ പന്നികളെ വെടിവച്ചു കൊല്ലാൻ ഷൂട്ടർമാരെ നിയോഗിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമുണ്ടെങ്കിലും ഇവിടെ അതിന്റെയൊന്നും പ്രയോജനം ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.