റോഡിലെ മലിനജലം വീടുകളിലേക്ക് കയറുന്നത് തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1549510
Tuesday, May 13, 2025 5:08 PM IST
പത്തനംതിട്ട : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്കും മുക്കപ്പുഴയ്ക്കുമിടയിൽ നിർമാണത്തിലെ അശാസ്ത്രീയത കാരണം മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പൊൻകുന്നം കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കരാറുകാർ തമ്മിലുള്ള തർക്കമാണ് ഓടയുടെ നിർമാണം വൈകാൻ കാരണമെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. ഇത് പരാതിക്കാരെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ഉത്തരവിൽ പറഞ്ഞു. പണി പൂർത്തിയാക്കാനുള്ള ബാധ്യത കെഎസ്ടിപിക്കുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
മഴവെള്ളവും മാലിന്യവും പരാതിക്കാരുടെ വീടുകളിലേക്ക് എത്താതിരിക്കാനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. റാന്നി മക്കപ്പുഴ സ്വദേശി ഫിലിപ്പ് പി. തോമസിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.