മൊബൈല്‍ എല്‍ഇഡി വോള്‍ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു
1549514
Tuesday, May 13, 2025 5:08 PM IST
പത്തനംതിട്ട: എൽഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടം ഇനി നഗരം ചുറ്റും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനത്തിന്റെ നേര്‍ക്കാഴ്ചയുമായി സഞ്ചരിക്കുന്ന എല്‍ഇഡി വോളിന്റെ യാത്ര കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു.
എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി. ജോണ്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന കലാമേളയോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന എല്‍ഇഡി വോള്‍ ഒരുക്കിയത്.
ആറന്മുള, അടൂര്‍, തിരുവല്ല, കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം. സര്‍ക്കാരിന്റെ വികസനം എല്‍ഇഡി വോളില്‍ ചിത്രീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഓരോ കേന്ദ്രത്തിലും കാഴ്ചയ്ക്ക് അവസരം ഒരുക്കും.
ജില്ലയിലെ പ്രധാന വികസന നേട്ടവും കാണാനാകും. എന്റെ കേരളം പ്രദര്‍ശനത്തിലെ കലാ- സാംസ്കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക വിപണന പ്രദര്‍ശന മേള, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍്ട്ടപ്പ് മിഷന് പ്രദര്‍ശനം തുടങ്ങിയവയെ കുറിച്ചുള്ള അറിയിപ്പുമുണ്ട്.