ആറന്മുള ടൂറിസം സർക്യൂട്ട് പദ്ധതി നിശ്ചലമായി
1549508
Tuesday, May 13, 2025 5:08 PM IST
പത്തനംതിട്ട: ഉൾനാടൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത ആറന്മുള ടൂറിസം സർക്യൂട്ട് പദ്ധതി വെളിച്ചം കണ്ടില്ല. 2021 മുതൽ ആറന്മുള വികസന സമിതിയുടെ പരിശ്രമഫലമായാണ് സർക്കാർ തലത്തിൽ പദ്ധതി ശ്രദ്ധേയമായത്. സമിതി പ്രവർത്തകർ ഇതിനായി ഡിടിപിസി അടക്കമുള്ള സർക്കാർ ഏജൻസികളിൽ നടത്തിയ നിരന്തര സമ്മർദത്തെത്തുടർന്നാണ് രൂപരേഖ തയാറായത്.
സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ച് ട്രാവൻകൂർ പബ്ളിക് കനാൽസ് ആന്ഡ് പബ്ലിക് ഫെറീസ് ആക്റ്റ് 1920- ലെ ആറാം വകുപ്പിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അംഗീകാരവും ലഭിച്ചു. പക്ഷേ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
ചെങ്ങന്നൂരിൽനിന്നും പന്പാനദിയിലൂടെ ബോട്ടിൽ ആറന്മുളയിലേക്കുള്ള എട്ടു കിലോമീറ്റർ യാത്രയാണ് പദ്ധതിയിലെ ആദ്യ ഘട്ടം. നദിയുടെ ഇരു കരകളിലുമുള്ള ഗ്രാമക്കാഴ്ചകൾ ആസ്വദിച്ച് ബോട്ട് ആറന്മുള മാലേത്ത് കടവിലുള്ള ജെട്ടിയിൽ എത്തുന്നു. തുടർന്ന് ബോട്ടിൽ ആറന്മുള നെട്ടായത്തിലൂടെയുള്ള യാത്രയിൽ സത്രക്കടവ്, പള്ളിയോടപ്പുരകൾ, പള്ളിയോടങ്ങൾ എന്നിവ സന്ദർശിച്ച് ക്ഷേത്രക്കടവിൽ അടുക്കും.
ക്ഷേത്ര ദർശനം കഴിഞ്ഞ് ബോട്ട് വീണ്ടും കിഴക്കോട്ട്. നിക്ഷേപമാലി മാരാമൺ കൺവൻഷൻ മണൽപ്പരപ്പിലൂടെ തിരികെ ആറന്മുള മാലേത്ത് കടവിലെ ജെട്ടിയിലെത്തും. ബോട്ടിൽ തന്നെ ലഘു ഭക്ഷണ വിതരണം.
പിന്നീട് കര മാർഗമുള്ള ഗ്രാമ ദർശനം. വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള കണ്ണാടി നിർമാണം, വില്പന ശാലകൾ എന്നിവ സന്ദർശിച്ച് നാൽക്കാലിക്കലിൽ നിർമിച്ചിട്ടുള്ള പാർക്കിൽ വിശ്രമം. ഉച്ചയ്ക്ക് 64 കൂട്ടം വിഭവങ്ങൾ അടങ്ങിയ ആറന്മുള സദ്യ കഴിച്ച ശേഷം കയാക്കിംഗ് തുഴച്ചിൽ പരിശീലനം. വൈകുന്നേരത്തോടെ ബോട്ടിൽ മടക്കയാത്ര ഇതായിരുന്നു പദ്ധതി.
പന്പാനദിയിലെ മണൽപ്പുറ്റുകൾ തടസം
ബോട്ടുകൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ പമ്പാനദിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ 50 വർഷമായി തുടർന്നു വരുന്ന മണൽ ഖനനം മൂലം നദിയുടെ അടിത്തട്ട് താഴ്ന്നതിനാൽ വേനൽക്കാലത്ത് പമ്പയിൽ ജലനിരപ്പ് നന്നേ കുറവാകും. ചില സ്ഥലങ്ങളിൽ അടിത്തട്ട് ജലപരപ്പിനു മീതെ തെളിഞ്ഞു നിൽക്കുകയാണ്. ചെങ്ങന്നൂർ - ആറന്മുള ജലപാതയ്ക്ക് എട്ട് കിലോമീറ്റർ മാത്രമാണ് ദൂരം. ഇതിനിടയിൽ പലഭാഗങ്ങളിലും തുടർച്ചയായി രൂപപ്പെടുന്ന മണൽപ്പുറ്റ് ബോട്ട് യാത്രയ്ക്കു തടസമാകും.
പരിഹാരമാർഗങ്ങളും നിർദേശിച്ചു
പന്പയുടെ അടിത്തട്ട് താഴ്ന്ന ഭാഗങ്ങളിൽ ജലനിരപ്പിനു താഴെ 50 - 100 മീറ്റർ വ്യത്യാസത്തിൽ ഒരടി ഉയരത്തിൽ ചാക്കിൽ മണൽ നിറച്ച് തടയണ നിർമിച്ച് ജല നിരപ്പ് ഉയർത്തുക. തടയണ ജല നിരപ്പിനു താഴെയായതിനാൽ വള്ളങ്ങൾക്കോ ബോട്ടുകൾക്കോ സഞ്ചരിക്കാൻ ഇവ തടസമാകുന്നില്ല. വർഷകാലത്ത് ഒഴുകിയെത്തുന്ന മണൽ ഈ തടയണകളിൽ അടിഞ്ഞ് അടിത്തട്ട് ഉയരാനും ഇതു ഉപകരിക്കും. പമ്പാ പരിരക്ഷണ സമിതി അടക്കമുള്ള സംഘടനകൾ ഈ നിർദ്ദേശം പലകുറി മുന്നോട്ടുവച്ചിട്ടും അധികൃതർ ഇതേവരെ പരിഗണിച്ചിട്ടില്ല.
ബോട്ടിന് സഞ്ചരിക്കാൻ കഴിയും വിധം പ്രത്യേക ചാൽ വെട്ടി ഉണ്ടാക്കുക എന്നത് അശാസ്ത്രീയവും ചെലവേറിയതുമായ കാര്യമാണ്. ഏറെ പ്രായോഗികമായ പദ്ധതിയാണ് തടയണ ഉപയോഗിച്ച് ജലനിരപ്പ് ഉയർത്തുക എന്നത്.
ഇപ്പോഴത്തെ അവസ്ഥയിൽ ജൂലൈ മുതൽ നവംബർ വരെ മാത്രമേ ബോട്ടു യാത്ര സാധ്യമാവുകയുള്ളു. ചില അവസരങ്ങളിൽ ബോട്ടു യാത്രയ്ക്ക് വെള്ളപ്പൊക്കവും തടസമാകാം. ഓണക്കാലത്തു പോലും നദിയിലെ ജലനിരപ്പ് നന്നേ കുറയാറുണ്ട്.