എന്റെ കേരളം പ്രദർശനമേള: പവലിയൻ ഒരുക്കുന്നത് കിഫ്ബി
1549513
Tuesday, May 13, 2025 5:08 PM IST
പത്തനംതിട്ട: എൽഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദര്‍ശന വിപണന കലാമേളയുടെ ഒരുക്കം അവസാന ഘട്ടത്തില്‍. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ മേളയ്ക്കായി ഒരുങ്ങുന്നത് ജര്‍മന്‍ ഹാംഗറില്‍ നിര്‍മിച്ച 71,000 ചതുരശ്രയടി പവലിയന്. കിഫ്ബിക്കാണ് നിര്‍മാണ ചുമതല. 16 മുതല്‍ 22 വരെയാണ് മേള. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ പ്രവേശനം സൗജന്യം.
സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതീകരിച്ച 186 സ്റ്റാളുകളുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതികവിദ്യയുടെ പരിചയപ്പെടുത്തല്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള, സാംസ്കാരിക- കലാ പരിപാടി, സെമിനാര്‍, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന് തുടങ്ങിയവ സംഘടിപ്പിക്കും. 45000 ചതുരശ്രയടിയാണ് സ്റ്റാളുകള്‍ക്കുള്ളത്.
ഓരോ സ്റ്റാളും 65 ചതുരശ്രഅടി വീതമുണ്ട്. രാജ്യത്തെ വൈവിധ്യമാര്‍ന്ന രുചി കൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീക്കാണ് ചുമതല. സാംസ്കാരിക- കലാപരിപാടിക്കായി 8000 ചതുരശ്രയടിയില്‍ വിശാലമായ സദസുണ്ട്. ഇതിനോടു ചേര്‍ന്നാണ് ഭക്ഷ്യമേള. ഒരേ സമയം 250 പേര്‍ക്ക് കലാപരിപാടി വീക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്.
അഞ്ച് ജര്‍മന്‍ ഹാംഗറുകളിലാണ് പവലിയന്റെ നിര്‍മാണം. അലുമിനിയം ഫ്രെയിമില്‍ വെളുത്ത ടാര്പ്പോളിന് വിരിച്ചിരിക്കുന്നു. മൂന്നെണ്ണം പൂര്‍ണമായും ശീതീകരിച്ചവയയാണ്. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. പോലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്കായി തുറസായ സ്ഥലമുണ്ട്. കൃഷി ഉപകരണങ്ങളും കാര്‍ഷിക വിളകളും ഇവിടെ പ്രദര്‍ശിപ്പിക്കും.
സാംസ്കാരിക- കലാ പരിപാടികളും ഭക്ഷ്യമേളയും പ്രത്യേക പവലിയനില്‍ ക്രമീകരിച്ചിട്ടുണ്ട്. 750 ഓളം കേസരകള്‍ സദസില്‍ ഇടാനാകും. പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം. ഇതിനു മുകളില്‍ കാര്‍പ്പെറ്റ് വിരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്ക്കുള്പ്പെടെ സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചരിക്കാനാകും.
1500 ചതുരശ്രയടിയിലുള്ള ശീതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി 25 ബയോ ടോയ്ലറ്ുകളുണ്ട്. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന് നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും.